പി.പി. ചെറിയാന്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് 19 പോസിറ്റീവാണെന്നു കണ്ടെത്തി അഞ്ചു ദിവസത്തെ ഐസൊലേഷനുശേഷം പനിയുടെ ലക്ഷണങ്ങളില്ലെങ്കില്‍ നെഗറ്റീവ് ടെസ്റ്റ് കൂടാതെതന്നെ ജോലിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്കുന്ന സിഡിസിയുടെ പുതിയ നയം നിലവില്‍ വന്നു.
പോസിറ്റീവ് സ്ഥിരീകരിച്ച് ഐസൊലേഷനില്‍ ആയിരിക്കുന്ന രോഗിയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാവൂ എന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശവും സമ്മര്‍ദവും തള്ളിയാണ് സിഡിസി പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തിനുശേഷം വീണ്ടും അഞ്ചുദിവസംകൂടി ഫേസ് മാസ്ക് ധരിക്കണമെന്നും സിഡിസി നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് ടെസ്റ്റ് നെഗറ്റീവാണോ എന്നു പരിശോധിക്കാന്‍ സിഡിസി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മറ്റുള്ളവരോട് നെഗറ്റീവ് ടെസ്റ്റിനെക്കുറിച്ച് പറയേണ്ടതില്ലെന്നും സിഡിസി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റീവാണെങ്കില്‍ പത്തുദിവസം വരെ ഐസൊലേഷനില്‍ പോകണമെന്നും നിര്‍ദേശമുണ്ട്. പോസിറ്റീവ് സ്ഥിരീകരിച്ചതിനുശേഷം അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാകുമെന്നാണ് ഇതിനു കാരണമായി സിഡിസി ചൂണ്ടിക്കാട്ടുന്നത്.