ലണ്ടന്‍: ഫലസ്തീനികള്‍ക്ക് പരസ്യ പിന്തുണയുമായി ഹാരി പോട്ടര്‍ നായിക എമ്മ വാട്സണ്. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഫലസ്തീന് അനുകൂല റാലി ചിത്രം സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച എമ്മ ‘ഐക്യദാര്‍ഢ്യം ഒരു ക്രിയയാണ്’ എന്നുകൂടി ഇതോടൊപ്പം കുറിച്ചു.
ഗസ്സ മുനമ്പില്‍ 11 ദിവസം നീണ്ട ഇസ്രായേല്‍ ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം മേയില്‍ ‘ബാഡ് ആക്ടിവിസം കലക്ടിവ്’ പോസ്റ്റ് ചെയ്ത ചിത്രമാണ് വാട്സണ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്.
ബെല്ല ഹദീദ്, സൂസന് സാറന്‍ഡണ്‍ തുടങ്ങിയവര്‍ അന്നേ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫലസ്തീന് നല്കിയ പിന്തുണയില്‍ നിരവധി പേര് നടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ചൊവ്വാഴ്ച നല്കിയ പോസ്റ്റിന് 10 ലക്ഷത്തിലേറെ പേര് ലൈക് നല്കിയപ്പോള് 89,000 പേര് പ്രതികരണം കുറിക്കുകയും ചെയ്തു.
എന്നാല്‍, പ്രതികരണത്തില്‍ അരിശം പൂണ്ട ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ എമ്മ വാട്സണെതിരെ പരസ്യമായി രംഗത്തെത്തി. ”കാല്പനിക കഥകള്‍ ഹാരി പോട്ടറിലാകാം. പക്ഷേ, യാഥാര്‍ഥ്യത്തോടു ചേരില്ല”- എന്ന് യു.എന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ഡാന്‍ ട്വിറ്ററില്‍ കുറിച്ചു. യു.എന്നിലെ മുന്‍ ഇസ്രായേല്‍ അംബാസഡറും സമാന പ്രതികരണവുമായി എത്തി.