ഹോംങ്കോങ്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ക്ക് ഹോംങ്കോങ് വിലക്കേര്‍പ്പെടുത്തി. ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്, ഫിലിപ്പൈന്‍സ്, യു.കെ, യു.എസ് എന്നിവയാണ് വിലക്കേര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.
ചൊവ്വാഴ്ച വൈകീട്ട് ഹോംങ്കോങ്ങില്‍ 114 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും വിമാന യാത്രക്കാരാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് 21 ദിവസത്തെ കര്‍ശന ഹോട്ടല്‍ ക്വാറന്റീന് നിലവിലുണ്ട്. ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിഞ്ഞവരിലാണ് രോഗബാധ കണ്ടെത്തിയത്. ബാറുകളും ജിംനേഷ്യങ്ങളും അടച്ചുപൂട്ടി. റസ്റ്റാറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അനുവദിക്കില്ല.
കോവിഡിന്റെ തുടക്കകാലത്ത് ചൈനക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഹോംങ്കോങ്ങിലും ഏര്‍പ്പെടുത്തിയിരുന്നു. കത്തായ് പസഫിക് എയര്‍ലൈന്‍ ജീവനക്കാര്‍ക്കിടയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് എട്ടു രാജ്യങ്ങളല്‍നിന്നുള്ള വിമാനസര്‍വിസുകള്‍ വിലക്കിയത്.
എട്ടു രാജ്യങ്ങളില്‍നിന്നുള്ള യാത്ര വിമാനങ്ങള്‍ക്ക് പ്രവേശന അനുമതിയില്ലെന്നും ഇവിടങ്ങളില്‍നിന്നുള്ളവരെ ഹോംങ്കോങ്ങില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.