വേമ്ബനാട്ട് കായല്‍ നീന്തിക്കയറി ഏഴുവയസുകാരി ജുവല്‍ മറിയം ബേസില്‍ ഗിന്നസ് റെക്കോഡിലേക്ക്.
ചേര്‍ത്തല തവണക്കടവില്‍നിന്ന് വൈക്കം കോലോത്തുംകടവ് ചന്തവരെ നാലുകിലോമീറ്റര്‍ ദൂരം ഒരുമണിക്കൂര്‍ 53 മിനിറ്റുകൊണ്ടാണ് ജുവല്‍ നീന്തിക്കയറിയത്.
ശനി രാവിലെ 8.10ന് ദലീമ ജോജോ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് നീന്തല്‍ ആരംഭിച്ചത്. 10.03ന് ഈ കൊച്ചുമിടുക്കി ലക്ഷ്യം നേടി.
മുഖ്യപരിശീലകന്‍ ബിജു തങ്കപ്പനും രണ്ടുവള്ളവും മൂന്ന് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരും മാധ്യമസംഘവും 20 മീറ്റര്‍ മാറി പിന്തുടര്‍ന്നു. വിദഗ്ധസംഘം ദൂരവും സമയവും രേഖപ്പെടുത്തി. നാലു കിലോമീറ്ററോളം ദൂരം കായല്‍ നീന്തിക്കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജുവല്‍.
2001ല്‍ പിറവം സ്വദേശി അല്‍ക്ക സിറിയക് ഒമ്ബത് വയസില്‍ വേമ്ബനാട്ട് കായല്‍ നീന്തിക്കടന്നിരുന്നു. ഈ റെക്കോഡാണ് ഭേദിച്ചത്. കോതമംഗലം എംഎ കോളേജ് ജീവനക്കാരന്‍ കറുകടം കൊടക്കപ്പറമ്ബില്‍ ബേസിലിന്റെയും അധ്യാപിക അഞ്ജലിയുടെയും രണ്ടാമത്തെ മകളാണ് ജുവല്‍.
കറുകടം വിദ്യാവികാസ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. എംഎ കോളേജിലെ അന്താരാഷ്‌ട്ര നിലവാരമുള്ള സിമ്മിങ് പൂളിലെ വിദഗ്‌ധപരിശീലനവും അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, മുഖ്യപരിശീലകന്‍ ബിജു തങ്കപ്പന്‍ എന്നിവരുടെയും മാതാപിതാക്കളുടെയും സ്‌നേഹനിര്‍ഭരമായ പ്രോത്സാഹനമാണ് നേട്ടത്തിന് പിന്നിലെന്ന് ജുവല്‍ പറഞ്ഞു