തിരുവനന്തപുരം: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിന്‍െറ മറവില്‍ വിവിധ ജില്ലകളില്‍ പട്ടയഭൂമിയില്‍ നടത്തിയ മരംകൊള്ളയില്‍ സംസ്ഥാന ഖജനാവിനുണ്ടായത് 250 കോടി രൂപയുടെ നഷ്ടമെന്ന് കണക്ക്.
വിപണി വിലയെക്കാള്‍ കുറച്ച് കണക്കാക്കുമ്പോഴാണ് വെട്ടി വെളുപ്പിച്ച തേക്ക്, ഈട്ടി എന്നിവയുടെ വില 250 കോടിയോളം എത്തിനില്‍ക്കുന്നത്. അന്തിമ കണക്ക് തയാറാകുമ്പോള്‍ നഷ്ടം വര്‍ധിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ഉത്തരവില്‍ തെറ്റില്ലെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രിയും മുന്‍ മന്ത്രിയും സി.പി.ഐ സംസ്ഥാന നേതൃത്വവും ആവര്‍ത്തിക്കുമ്പോഴാണിത്.
1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകന് അവകാശമില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്ന ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങളാണ് 2020 ഒക്‌ടോബര്‍ 24 ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിന്‍െറ ഉത്തരവിനെതുടര്‍ന്ന് മുറിച്ചുകടത്തിയത്. വയനാട്, ഇടുക്കി, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറി നടന്നത്.
തൃശൂരിലാണ് സര്‍ക്കാറില്‍ നിക്ഷിപ്തമായ ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിച്ചത്. ജില്ലയില്‍ 510 മരങ്ങള്‍ മുറിച്ചു. 503 തേക്കും ഏഴ് ഈട്ടിയും. തൃശൂരില്‍ മുറിച്ചിട്ട 300 ഘനയടി തടികളില്‍ ഇതുവരെ 90 ഘനയടിയാണ് വനംവകുപ്പ് പിടിച്ചെടുത്തത്.
വിവാദമായ വയനാട് മുട്ടിലില്‍ 101 ഈട്ടിമരങ്ങളാണ് മുറിച്ചത്. 202 ഘനയടി തടി വനംവകുപ്പ് പിടിച്ചെടുത്തു. 42 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. സുല്‍ത്താന്‍ബത്തേരിയില്‍ 60 തേക്ക് മരങ്ങളാണ് മുറിച്ചത്. 18 ഘനയടി തടി പിടിച്ചെടുത്തു. നിലമ്പൂരില്‍ 13 തേക്ക് മരങ്ങളാണ് മുറിച്ചിട്ടത്. അഞ്ച് ഘനയടി പിടിച്ചു. അടിമാലിയില്‍ ഇതുവരെ 17 ഈട്ടിത്തടികളും 50 ഓളം തേക്കിന്‍ തടികളും പിടിച്ചെടുത്തു.
എത്ര മരങ്ങളാണ് ഇവിടെ മുറിച്ചതെന്ന കണക്ക് കൂടുതല്‍ പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. നേര്യമംഗലത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ ഇരുന്നൂറോളം തേക്ക് മരങ്ങള്‍ മുറിച്ചെന്നാണ് വനംവകുപ്പ് തിട്ടപ്പെടുത്തിയത്. തട്ടേക്കാടും സമാനമായനിലയില്‍ തേക്കും ഈട്ടിയും നഷ്ടപ്പെട്ടത് തിട്ടപ്പെടുത്താനുള്ള പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.