ഗാനഗന്ധര്വന് കെ.ജെ.യേശുദാസിന് ഇന്ന് 82-ാം പിറന്നാള്‍. യുവതലമുറയിലെ 82 ഗായകര്‍ ഇന്നു തിരുവനന്തപുരത്ത് യേശുദാസിന്റെ 82 ഗാനങ്ങള്‍ ആലപിച്ച് ഗാനാഞ്ജലി നടത്തും.
അമേരിക്കയിലുള്ള യേശുദാസ് കോവിഡ് ഭീഷണിമൂലം പിറന്നാള്‍ ദിനത്തിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനം ഇത്തവണയും ഒഴിവാക്കി. യേശുദാസിന് എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥനയുമായി സുഹൃത്തുക്കള്‍ ക്ഷേത്ര സന്നിധിയിലെത്തി. യുഎസിലുള്ള യേശുദാസ്, ഓമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാള്‍ദിന ക്ഷേത്രദര്‍ശനമാണു തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുടങ്ങുന്നത്.
ഒമ്ബതാം വയസില്‍ തുടങ്ങിയ ആ ആലാപനമാധുര്യം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. 22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം…’എന്ന ഗാനത്തോടെ സിനിമ സംഗീത ലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു.
സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട്കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ.യേശുദാസിന്റെ ജനനം.
അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. കര്‍ണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
യേശുദാസിനെ കേള്‍ക്കാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോകുന്നില്ല . പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സ്വരമാധുരി പടര്‍ന്നുപന്തലിച്ചു.
പിതാവ് പാടിക്കൊടുത്ത പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ് 1949-ല്‍ ഒമ്ബതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം.
കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്ബൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ല്‍ ചെമ്ബൈയുടെ മരണം വരെ ഇതു തുടര്‍ന്നു പോന്നു
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.