കോട്ടയം: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവായിരുന്നു.
1949 മാര്‍ച്ച് ഒന്‍പതിനാണ് ആലപ്പി രംഗനാഥിന്റെ ജനനം. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം ജി ദേവമ്മാളുടെയും ആറുമക്കളില്‍ മൂത്തയാളാണ് രംഗനാഥ്. 14-ാം വയസുവരെ എടത്വായിലെ വെള്ളക്കിണറിലായിരുന്നു താമസം.
അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേര്‍ത്തത്. 40 വര്‍ഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്തു നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ആലപ്പി രംഗനാഥിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചിരുന്നു.
‘സ്വാമി സംഗീതമാലപിക്കും’, ‘എന്‍മനം പൊന്നമ്പലം’, ‘എല്ലാ ദുഃഖവും തീര്‍ത്തുതരൂ’ തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് .
1973 ല്‍ പി.എ തോമസിന്റെ ജീസസ് എന്ന ചിത്രത്തിനുവേണ്ടി ‘ഹോസാന…’ എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നല്‍കിയത്. ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ തുടങ്ങി ആറ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. കുറെയധികം കാസറ്റുകള്‍ക്ക് സംഗീതം നിര്‍വഹിച്ചു.
അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിനും ആലപ്പി രംഗനാഥ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്തെ പ്രധാന സ്റ്റേജില്‍ നടന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് അദ്ദേഹത്തിനു പുരസ്‌കാരം സമ്മാനിച്ചത്.