ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയും മറ്റു കാരണങ്ങളും കൊണ്ട് 2020 ഏപ്രില്‍ മുതല്‍, മാതാവോ പിതാവോ രണ്ടുപേരുമോ നഷ്ടപ്പെട്ട 1,47,492 കുട്ടികളുണ്ടെന്ന് ദേശീയ ബാലാവകാശ കമീഷന് (എന്‍.സി.പി.സി.ആര്) സുപ്രീംകോടതിയില്‍.
കോവിഡ് മഹാമാരി കാരണം രക്ഷിതാക്കള്‍ നഷ്ടമായി സംരക്ഷണം ആവശ്യമായ കുട്ടികളെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ‘ബാല്‍ സ്വരാജ് പോര്‍ട്ടല്‍-കോവിഡ് കെയറി’ല്‍ ജനുവരി 11 വരെ അപ്ലോഡ് ചെയ്ത കണക്കാണിതെന്നും എന്‍.സി.പി.സി.ആര് വിവരിക്കുന്നു. ഇത്രയും കുട്ടികളില്‍ 76,508 ആണ്‍കുട്ടികളും 70,980 പെണ്‍കുട്ടികളും നാലു ട്രാന്‍സ്ജെന്‍ഡറുകളുമാണ്. എട്ടുമുതല്‍ 13 വരെ വയസ്സുള്ളവരാണ് ഇതില്‍ കൂടുതല്‍ പേരും.
ആകെയുള്ളതില്‍ 1,25,205 പേരും അവശേഷിക്കുന്ന രക്ഷിതാവിനൊപ്പമാണ്. 11,272 പേര് കുടുംബത്തിനൊപ്പവും 8,450 പേര് ബന്ധുക്കളുടെ കൂടെയുമാണ്. 1,529 കുട്ടികള്‍ ശിശുഭവനങ്ങളിലും 19 പേര് അഭയകേന്ദ്രങ്ങളിലും രണ്ടുപേര്‍ ഒബ്സര്‍വേഷന്‍ ഹോമിലുമാണ്.