ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പിടിമുറുക്കിയ 2020 മുതല്‍ 350 കോടി ഡോളോ ഗുളികള്‍ ഇന്ത്യയില്‍ വിറ്റഴിച്ചുവെന്ന് കണക്കുകള്‍ .ഒരു പനിയോ ജലദോഷമോ തലവേദനയോ വന്നാല്‍ എല്ലാവരും ആദ്യം തെരഞ്ഞെടുക്കുക ഡോളോ 650യോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാരസെറ്റമോള്‍ ഗുളികയോ ആയിരിക്കും.
പാരസെറ്റാമോളാണ് പനിക്കും ജലദോഷത്തിനും ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്നത്. ഇതില്‍തന്നെ ഡോളോ 650യുടെ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയായി വര്‍ധിച്ചു.
കോവിഡിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് പനിയും തലവേദനയും. ഇവക്കാണ് ഡോളോ അടക്കമുള്ള പാരസെറ്റാമോള്‍ ഗുളികകള്‍ ഉപയോഗിക്കുക.
ഇന്ത്യക്കാർ കഴിച്ചു തീർത്ത 350 കോടി ഡോളോ ഗുളികകള്‍ ലംബമായി അടുക്കിവെച്ചാല്‍ മൗണ്ട് എവറസ്റ്റിന്റെ 6000 മടങ്ങും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 63000 മടങ്ങും ഉയരമുണ്ടാകും.
കോവിഡ് 19ന് മുമ്ബ് 7.5 കോടി ഡോളോ ഗുളികകളുടെ സ്ട്രിപ്പാണ് ഇന്ത്യയില്‍ വിറ്റത്. 15 ഗുളികകളാണ് ഒരു സ്ട്രിപ്പിലുണ്ടാകുക.
സെപ്റ്റംബര്‍ 2020 ഓടെയായിരുന്നു ഇന്ത്യയില്‍ കോവിഡിന്റെ ആദ്യ തരംഗം. മേയ് 2021ലെത്തിയ രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതും മരണനിരക്ക് ഉയരുന്നതും കണ്ടു. രണ്ട് തരംഗങ്ങളിലുമായി 3.5 കോടി പേര്‍ക്ക് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.
2021ല്‍ 307 കോടി രൂപയുടെ വില്‍പ്പന നടത്തി രാജ്യത്തെ രണ്ടാമത്തെ പനി -വേദന സംഹാരി ഗുളികയായി ഡോളോ മാറി. ജി.എസ്.കെയുടെ കാല്‍പോളാണ് ഒന്നാം സ്ഥാനത്ത്, വിറ്റുവരവ് 310 കോടി രൂപ . ആറാം സ്ഥാനത്താണ് ക്രോസിന്റെ സ്ഥാനം. 23.6 കോടി രൂപയുടേതാണ് വിറ്റുവരവ്.
കോവിഡ് തുടങ്ങിയതുമുതല്‍ ഇതുവരെ ഇന്ത്യയില്‍ വിറ്റത് 350 കോടി ഡോളോ ഗുളികകളത്രേ .
കോവിഡിന് മുമ്ബ് പാരസെറ്റാമോളിന്റെ എല്ലാ കാറ്റഗറിയിലുള്ള ഗുളികകളുടെയും വില്‍പ്പന 530 കോടിയായിരുന്നു. എന്നാല്‍ 2021 ഓടെ ഇവയുടെ വില്‍പ്പന 70 ശതമാനം ഉയര്‍ന്നു. ഇതോടെ വാര്‍ഷിക വരുമാനം 924 കോടിയിലെത്തി.
വില്‍പ്പനയില്‍ മാത്രമല്ല, ഗൂഗ്ള്‍ സെര്‍ച്ചിലും ഒന്നാംസ്ഥാനം ഡോളോക്കാണ്. 2020 ജനുവരി മുതല്‍ രണ്ടുലക്ഷത്തിലധികം സെര്‍ച്ചുകളാണ് ഡോളോ 650ക്കെത്തിയത്.