വാഷിങ്ടന്‍: ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി. ഒമിക്രോണ്‍, കോവിഡിന്റെ മഹാമാരികാലത്തുനിന്ന് കൂടുതല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയിലേക്കു കൊണ്ടുപോകാന്‍ സഹായിച്ചേക്കാം.
ഇക്കാര്യം ഇത്ര നേരത്തേ പ്രവചിക്കാവുന്നതല്ല. എന്നാല്‍ ഞാന്‍ അങ്ങനെയാണു പ്രതീക്ഷിക്കുന്നത്. പക്ഷേ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള പുതിയൊരു വരാതിരുന്നാലേ ഇതു സാധ്യമാകൂവെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയില്‍ ഫൗചി വ്യക്തമാക്കി.
കോവിഡിനെ ഒമിക്രോണിന്റെ അതിവ്യാപനം ‘എന്‍ഡമിക്’ ഘട്ടത്തിലെത്തിക്കാമെന്നാണു ഫൗചിയുടെ നിരീക്ഷണം. ജനങ്ങള്‍ക്കിടയില്‍ സ്ഥിരമായി ഇത് ഉണ്ടാകാം. എന്നാല്‍ ആളുകളിലെ വലിയൊരു വിഭാഗത്തെ ബാധിക്കില്ല. ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. എന്നാല്‍ ഗുരുതരമാകാനുള്ള സാധ്യത മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണു വിദഗ്ധാഭിപ്രായം- ഫൗചി വ്യക്തമാക്കി.
ഡെല്‍റ്റയുമായി ബന്ധപ്പെട്ടുള്ള ചില സ്വഭാവ സവിശേഷതകള്‍ ഒമിക്രോണിന് ഇല്ല എന്നുള്ളത് ആശ്വാസകരമാണ്. എന്നാല്‍ ഇതു ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന അതിന്റെ ശക്തി സംബന്ധിച്ച ചില സൂചനകളാണു നല്‍കുന്നത്.
ഒമിക്രോണ്‍ ബാധിക്കുന്നതിലൂടെ ജനങ്ങള്‍ക്കു രോഗപ്രതിരോധ ശേഷി ലഭിക്കുമോ എന്നുള്ളതാണു പ്രസക്തമായ ചോദ്യം. എന്നാല്‍ പുതിയ വേരിയന്റുകള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്, ഓരോ ശരീരവും എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും അതിന്റെ ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.