പാലക്കാട്; അട്ടപ്പാടിയിലെ മധു കൊലപാതക കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ബന്ധുക്കള്‍ക്ക് അഭിഭാഷകരെ നിര്‍ദ്ദേശിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്.
മധുവിന്റെ കുടുംബത്തിന് താല്പര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അഡിമിനിസ്ട്രേഷനായ ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നല്‍കിയിരിക്കുന്നത്. മധുവിന്റെ കുടുംബാംഗങ്ങളുമായി ഗിരീഷ് പഞ്ചു സംസാരിക്കും. രേഖാമൂലം ബന്ധുക്കളെ കാര്യം അറിയിക്കും. നിലവിലുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചിട്ടില്ല. ഈ പ്രോസിക്യുട്ടര്‍ തന്നെ തുടരണമെന്നാണ് കുടുംബത്തിന് താത്പര്യമെങ്കില്‍ അതിനും തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിചാരണ കോടതിയില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ഹാജരാകാതിരുന്നത് വലിയ വിവാദമായിരുന്നു. കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യം ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരാകാതിരുന്നതായിരുന്നു കാരണം.
കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച അഡ്വ. വിടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താല്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിരിക്കുകയാണ്.