അഫ്ഗാനിസ്ഥാന്‍ ജനതയുടെ ദുരിത ജീവിതം ചൂണ്ടിക്കാട്ടി യുഎന്‍. മരവിപ്പിച്ച അഫ്ഗാനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിച്ചുനല്‍കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
‘നൂലില്‍ തൂങ്ങിക്കിടക്കുകയാണ് അഫ്ഗാനിസ്താന്‍. ദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ മോശമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ പാടുപെടുന്നു’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്താനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ലോകസമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കാൻ താലിബാൻ ശ്രമിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആഹ്വാനം ചെയ്തു.
‘അതിഭീകരമായ പട്ടിണിയാണ് പകുതിയോളം അഫ്ഗാനികളും ഇപ്പോള്‍ അനുഭവിക്കുന്നത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വില്‍ക്കുന്നതായാണ് വിവരം. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. ലോകബാങ്കും യുഎസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിച്ചു നല്‍കാനും ആവശ്യപ്പെടുകയാണ്’ ഗുട്ടെറെസ് പറഞ്ഞു.
2020 ഓഗസ്റ്റ് 15 നാണ് താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരം കീഴടക്കിയത്. യുഎസ് നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ താലിബാന്‍ അധികാരമേറ്റതോടെ അഫ്ഗാന് അതുവരെ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം നിലച്ചു. ഇതോടെ രാജ്യം ദാരിദ്ര്യത്തിലായി .പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ജനങ്ങള്‍ ജീവിക്കാനായി നെട്ടോട്ടമോടുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.