Saturday, March 15, 2025

HomeMain Storyലോകായുക്ത ഭേദഗതി: 1999 ല്‍ തള്ളിയത്, എതിര്‍ത്തവരില്‍ രണ്ട് സിപിഎം നേതാക്കളും

ലോകായുക്ത ഭേദഗതി: 1999 ല്‍ തള്ളിയത്, എതിര്‍ത്തവരില്‍ രണ്ട് സിപിഎം നേതാക്കളും

spot_img
spot_img

തിരുവനന്തപുരം : ലോകായുക്തയെ ദുര്‍ബലമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഭേദഗതി, 1999 ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തു നിയമസഭ ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി തള്ളിക്കളഞ്ഞിരുന്നതാണെന്ന വിവരവും പുറത്തുവന്നു. ‘ലോകായുക്ത വിധിയെ സര്‍ക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാം’ എന്ന ഇപ്പോഴത്തെ ഭേദഗതി വ്യവസ്ഥ 1998 99 ലെ മൂലനിയമത്തിന്റെ കരടിലുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇ.കെ.നായനാരും അന്നത്തെ നിയമമന്ത്രി സിപിഐയിലെ ഇ.ചന്ദ്രശേഖരന്‍ നായരും ഉപേക്ഷിച്ച അതേ വ്യവസ്ഥയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി.രാജീവും വീണ്ടും കൊണ്ടുവരുന്നത്.

1998 ലെ കേരള ലോകായുക്ത ഓര്‍ഡിനന്‍സ് 1999 ഫെബ്രുവരി ഒന്നിനു ബില്‍ ആയി നിയമസഭയില്‍ വന്ന ശേഷമുള്ള ചര്‍ച്ചയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ വിമര്‍ശിച്ചത് അതിലെ 13ാം വകുപ്പിലെ വ്യവസ്ഥകളെയാണ്. പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ അഴിമതി ആക്ഷേപങ്ങളില്‍ ലോകായുക്തയുടെ തീര്‍പ്പ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ അംഗീകരിക്കാനും നിരസിക്കാനും അധികാരമുണ്ട് എന്നാണ് ഈ വകുപ്പില്‍ പറഞ്ഞിരുന്നത്. ‘നിരസിക്കാനുള്ള’ വ്യവസ്ഥയെ അന്നും പിറ്റേന്നും നടന്ന ചര്‍ച്ചയിലും സബ്ജക്ട് കമ്മിറ്റി കൂടിയാലോചനകളിലും പ്രതിപക്ഷം എതിര്‍ത്തു. തനിക്കു മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നു സബ്ജക്ട് കമ്മിറ്റി ചര്‍ച്ചയില്‍ മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.

ഫെബ്രുവരി 22നു വകുപ്പു തിരിച്ചുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്ത് കെ.എം.മാണി, ആര്യാടന്‍ മുഹമ്മദ്, ടി.എം.ജേക്കബ് തുടങ്ങിയവരുടെ വിയോജിപ്പ് സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദനും ജി.സുധാകരനും ഏറ്റുപിടിച്ചു. 13ാം വകുപ്പ് തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സ്പീക്കര്‍ എം.വിജയകുമാറിനു നിര്‍ദേശിക്കേണ്ടി വന്നു. ലോകായുക്തയെ നോക്കുകുത്തിയാക്കരുതെന്ന വികാരം ഉയര്‍ന്നതോടെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി കൂടിയാലോചിച്ചു വിവാദ വ്യവസ്ഥ നീക്കം ചെയ്തതായി മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു. ലോകായുക്ത തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണറും സര്‍ക്കാരും മുഖ്യമന്ത്രിയും ബാധ്യസ്ഥമാണെന്ന വ്യവസ്ഥ, മന്ത്രിയുടെ ഔദ്യോഗിക ഭേദഗതിയിലൂടെ നിയമത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ലോകായുക്ത തീരുമാനം അംഗീകരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയുടെ അന്തഃസത്തയ്ക്കു ചേര്‍ന്നതല്ലെന്നാണു സിപിഎമ്മും സര്‍ക്കാരും ഇപ്പോള്‍ വാദിക്കുന്നത്. അന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ആരും ഈ വാദം ഉന്നയിച്ചിട്ടില്ല. അഴിമതിക്കെതിരെ പോരാടാനായി ബില്‍ ഇനിയും ശക്തിപ്പെടുത്തണമെന്നാണു നായനാര്‍ ആവശ്യപ്പെട്ടിരുന്നത്. സഭ വേണ്ടെന്നു വച്ച ഭേദഗതി തിരക്കിട്ട് ഓര്‍ഡിനന്‍സായി കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ തന്നെ സന്ദേഹമുണ്ട്. ഈ സുപ്രധാന ഭേദഗതിക്കും രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടതല്ലേയെന്ന ചോദ്യം പ്രതിപക്ഷം ഗവര്‍ണര്‍ക്കു മുന്നില്‍ ഉന്നയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments