ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി . തിങ്കളാഴ്ച്ച രാവിലെ 10.15 ന് ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുമെന്ന് കോടതി അറിയിച്ചു. അതേസമയം കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചതിന് പിന്നാലെ നാളെയും കൂടി വാദം കേള്‍ക്കാനാണ് തീരുമാനം.
ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്.
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ് എന്നും ഇതിന് വേണ്ടി ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തിയന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്.
ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷി ഉണ്ടെന്ന പ്രത്യേകതയുളള കേസാണിത്. കുറ്റം തെളിയിക്കാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി തന്നെ ധാരാളം. ബാലചന്ദ്രകുമാര്‍ നിയമപ്രകാരം വിശ്വാസ്യതയുളള സാക്ഷിയാണ്. പറഞ്ഞത് സാധൂകരിക്കുന്ന ഓഡിയോയും നല്‍കിയിട്ടുണ്ട്.
മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നല്ല പണികൊടുക്കുമെന്ന് പ്രതി പറഞ്ഞത് എങ്ങനെ ശാപവാക്കാകും. അപായപ്പെടുത്താന്‍ തീരുമാനമെടുത്തു എന്നത് വ്യക്തമാണ്. ഓഡിയോ ക്ലിപ്പ് അടക്കം നേരിട്ടുളള തെളിവുകള്‍ ഉണ്ട്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോ ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം എന്ന് ദിലീപ് പറയുന്നുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ സംഭാഷണങ്ങളും തെളിവാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു
നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തില്‍ ഭയമില്ലെ ന്നും പ്രതിഭാഗത്തിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കല്ലെന്നും ഡി.ജി.പി കോടതിയില്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ ആലുവാക്കാരന്‍ വ്യവസായി സലീമിന് 50ലക്ഷം വാഗ്ദാനം ചെയ്തുവെ ന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി . ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഇതിന് പിന്നില്‍.
പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.