ന്യൂഡല്‍ഹി: കീവില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജ്യോത് സിംഗ് യുക്രെയ്ന്‍ അതിര്‍ത്തി കടന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞര്‍ക്കൊപ്പം റോഡ് മാര്‍ഗമാണ് ഹര്‍ജ്യോത് യുക്രെയ്ന്‍ കടന്ന് പോളണ്ടില്‍ എത്തിയത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെ ഹര്‍ജ്യോത് ഡല്‍ഹിയിലെത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പമാണ് ഹര്‍ജ്യോത് തിരികെ എത്തുന്നത്.
യുക്രെയ്‌നിലെ കീവില്‍ നിന്ന് ഫെബ്രുവരി 27ന് സുരക്ഷിത മേഖലയിലേയ്‌ക്ക് കാറില്‍ പോകുമ്ബോഴാണ് ഹര്‍ജ്യോതിന് തോളില്‍ വെടിയേറ്റത്. കാലിനും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കീവിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. നിലവില്‍ ഹര്‍ജ്യോതിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഡല്‍ഹി ഛത്തര്‍പൂര്‍ സ്വദേശിയായ ഹര്‍ജ്യോതിന് പാസ്‌പോര്‍ട്ട് അടക്കം നഷ്ടമായിരുന്നു. ഹര്‍ജ്യോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും നാട്ടിലേയ്‌ക്ക് ഉടന്‍ എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.