റോം : യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വീണ്ടും രംഗത്ത്. പ്രത്യേക സൈനിക നീക്കമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിശേഷിപ്പിക്കുന്ന നടപടികള്‍ യുദ്ധം തന്നെയാണ്, മാര്‍പ്പാപ്പ പറഞ്ഞു.
യുക്രൈൻ – റഷ്യ സംഘര്‍ഷം 12ാം ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രതിവാര അഭിസംബോധനയ്‌ക്കിടെ മാര്‍പ്പാപ്പ വീണ്ടും യുദ്ധത്തിനെതിരെ രംഗത്ത് വന്നത്. സൈനിക നീക്കമെന്ന് പുടിന്‍ വിശേഷിപ്പിക്കുന്ന നടപടികള്‍ കേവലം സൈനിക നീക്കം മാത്രമല്ല. മറിച്ച് യുദ്ധമാണ്. മരണവും, നാശവും, ദു:ഖവും മാത്രമായിരിക്കും ഇതിന്റെ അനന്തരഫലം. യുക്രൈനില്‍ നിലവില്‍ രക്തപ്പുഴയും കണ്ണീരുമാണ് ഒഴുകുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു.
യുദ്ധം ഭ്രാന്താണ്. ദയവായി യുദ്ധം അവസാനിപ്പിക്കൂ. ഈ ക്രൂരതകള്‍ നോക്കൂ. സമാധാനത്തിനായി സാദ്ധ്യമായ സേവനങ്ങള്‍ എല്ലാം നല്‍കണം എന്നാണ് ആത്മീയ കാഴ്ചപ്പാട്. ആവശ്യമായവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ രണ്ട് റോമന്‍ കത്തോലിക്ക കര്‍ദിനാള്‍മാര്‍ യുക്രൈനിലേക്ക് പോയിട്ടുണ്ട്. ഓരോ മണിക്കൂര്‍ചെല്ലുന്തോറും യുക്രൈന് നമ്മുടെ ആവശ്യം വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്‌നിലെ ജനങ്ങളുടെ അവസ്ഥകള്‍ പുറം ലോകത്തെ അറിയിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു. സ്വന്തം ജീവിതം പോലും അപകടത്തിലാക്കി യുക്രൈനിലെ വിവരങ്ങള്‍ തത്സമയം ലോകത്തിന് മുന്‍പില്‍ എത്തിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരോട് നന്ദി പറയുന്നു. ജനങ്ങള്‍ക്കായി വിവിധ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹോദരങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.
യുക്രയ്‌നില്‍ റഷ്യ അധിനിവേശ ശ്രമം ആരംഭിച്ചതിന് പിന്നാലെ ശക്തമായ രോഷമാണ് മാര്‍പ്പാപ്പയില്‍ നിന്നും ഉണ്ടായത്. റോമിലെ റഷ്യന്‍ സ്ഥാനപതിയെ നേരിട്ട് കണ്ടായിരുന്നു അദ്ദേഹം അമര്‍ഷം അറിയിച്ചത്.