Friday, October 18, 2024

HomeMain Storyയുക്രൈന്‍ ഒരുക്കിയത് 8 വര്‍ഷത്തെ പ്ലാന്‍, 2 ആഴ്ച്ചയായിട്ടും വീണില്ല

യുക്രൈന്‍ ഒരുക്കിയത് 8 വര്‍ഷത്തെ പ്ലാന്‍, 2 ആഴ്ച്ചയായിട്ടും വീണില്ല

spot_img
spot_img

കീവ്: ലോകം മുഴുവന്‍ യുക്രൈന്റെ പോരാട്ടം കണ്ട് അമ്പരന്നിരിക്കുകയാണ്. റഷ്യക്കെതിരെ ഇത്ര ശക്തമായി പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. റഷ്യ പല വഴിക്കാണ് യുക്രൈനെ ആക്രമിച്ചത്. റഷ്യന്‍ സൈന്യമാണെങ്കില്‍ വലിപ്പത്തിലും കരുത്തിലും വളരെ മുന്നിലുമാണ്.

എന്നാല്‍ യുക്രൈന്‍ കൃത്യമായ പ്ലാനിംഗുമായിട്ടാണ് റഷ്യയെ നേരിട്ടത്. രാജ്യത്തെ ജനങ്ങള്‍ എല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് മറ്റൊരു ബോണസാണ്. റഷ്യന്‍ സൈന്യം ആക്രമണം നീണ്ടതോടെ വലിയ പ്രതിസന്ധിയിലാണ്. പലരും ഭക്ഷണമില്ലാതെ കുടുങ്ങി നില്‍ക്കുകയാണ്. ഇവരുടെ ടാങ്കറുകളും തടസ്സപ്പെട്ട് നില്‍ക്കുകയാണ്. ഇതെല്ലാം യുക്രൈന്റെ ചെറുത്ത് നില്‍പ്പ് കാരണമാണ്.

റഷ്യന്‍ സൈന്യം വേഗത്തില്‍ നീങ്ങാനാവാതെ ബുദ്ധിമുട്ടുകയാണെന്ന് സീനിയര്‍ ഫ്രഞ്ച് സൈനിക വക്താവ് പറയുന്നു. റഷ്യയുടെ വീഴ്ച്ചയ്ക്ക് അഞ്ച് കാരണങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി പറയുന്നത്. പ്രധാന കാരണം യുക്രൈന്റെ തയ്യാറെടുപ്പുകളാണ്. 2014ന് ശേഷം യുക്രൈന്‍ ഏത് നിമിഷവും റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സജ്ജമായി നില്‍ക്കുകയായിരുന്നു.

ക്രൈമിയയിലെ റഷ്യന്‍ അധിനിവേശവും, റഷ്യന്‍ വിമതര്‍ കിഴക്കന്‍ മേഖലയില്‍ പ്രക്ഷോഭം തുടങ്ങിയതുമെല്ലാം സൂചനയായി തന്നെ യുക്രൈന്‍ കണ്ടിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് അവര്‍ സൈന്യത്തെ പതിയെ വളര്‍ത്തി കൊണ്ടുവന്നത്. അതിപ്പോള്‍ യുക്രൈന് സഹായകരമായിരിക്കുകയാണ്. 2016ല്‍ നാറ്റോയും യുക്രൈനും ചേര്‍ന്ന് സ്പെഷ്യല്‍ ഫോഴ്സിനായി പ്രത്യേക സൈനിക പരിശീലന പരിപാടി നടത്തിയിരുന്നു.

ഇവര്‍ യുദ്ധത്തില്‍ നിര്‍ണായക റോള്‍ വഹിക്കുന്നുണ്ട്.ഈ എട്ട് വര്‍ഷത്തോളം പ്ലാനിംഗ്, ട്രെയിനിംഗ്, ആയുധങ്ങള്‍ ശേഖരിക്കുക എന്നിവ റഷ്യക്കെതിരെ നിശബ്ദമായി ഒരുക്കുകയായിരുന്നു യുക്രൈന്‍. യുഎസ്സും നാറ്റോയും തങ്ങളുടെ രക്ഷയ്ക്കായി യുദ്ധക്കളത്തിലേക്ക് വരില്ലെന്ന ബോധ്യം യുക്രൈനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റഷ്യയ്ക്ക് പരമാവധി നഷ്ടമുണ്ടാക്കുന്ന എന്ന തന്ത്രത്തിനാണ് യുക്രൈന്‍ പ്രാധാന്യം നല്‍കിയത്.

റഷ്യന്‍ സൈന്യത്തിന് ഇത് കനത്ത നഷ്ടമുണ്ടാക്കി. റഷ്യക്ക് യുക്രൈന്‍ പിടിക്കുക വലിയ ബുദ്ധിമുട്ടാവുകയും ചെയ്തു. റഷ്യ മനസ്സിലാക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. യുക്രൈന്‍ സൈന്യത്തിന് സ്വന്തം കോട്ടയിലുള്ള ആധിപത്യമാണിത്. റഷ്യന്‍ സൈന്യം യുക്രൈനെ വില കുറച്ച് കണ്ടതാണ് പ്രശ്നമായത്. സോവിയറ്റ് കാലത്ത് യുക്രൈനില്‍ ഇടപെട്ട പരിചയം വെച്ചാണ് റഷ്യയെത്തിയത്.

ഓരോ മേഖലയെയും കുറിച്ച് കൃത്യമായ ധാരണ യുക്രൈന്‍ സൈന്യത്തിനുണ്ടായിരുന്നു. ഒപ്പം നാട്ടുകാര്‍ തന്നെ ആയുധമെടുത്തത് റഷ്യയുടെ കണക്ക് കൂട്ടലുകള്‍ തകര്‍ത്തു. നഗര മേഖലയില്‍ അടക്കം പല തന്ത്രങ്ങളാണ് യുക്രൈന്‍ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ കീവിലേക്ക് പ്രവേശിക്കുന്തോറും റഷ്യന്‍ സൈന്യം കൂടുതല്‍ കുരുക്കിലേക്ക് വീണു. ഓരോ തെരുവിലും അവരെ കാത്ത് അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ട്. യുക്രൈനിലെ ജനങ്ങള്‍ തന്നെ സൈന്യത്തിനൊപ്പം വന്നത് അമ്പരപ്പിക്കുന്നതായിരുന്നു.

കടുത്ത പോരാട്ടമാണ് ഇവര്‍ നടത്തിയത്. സാധാരണക്കാരാണ് മുന്നണി പോരാളികളായിട്ടുള്ളത്. ഇവരുടെ കുടുംബങ്ങളെ സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ ഭയമില്ലാതെ പോരാടാന്‍ ഇവര്‍ക്ക് സാധിച്ചു. പെട്രോള്‍ ബോംബുകള്‍ സാധാരണക്കാര്‍ ഉണ്ടാക്കിയപ്പോള്‍, കര്‍ഷകര്‍ റഷ്യയുടെ സൈനിക ഉപകരണങ്ങള്‍ തകര്‍ക്കുന്നതിലാണ് പ്രാധാന്യം കണ്ടെത്തിയത്. ടെറിടോറിയന്‍ ഗ്രൂപ്പിന് പെട്ടെന്നുള്ള പരിശീലനം നല്‍കി, ഭാരം കുറഞ്ഞ ആയുധങ്ങളുമായി പോരാടാന്‍ വിടുകയാണ് യുക്രൈന്‍.

റഷ്യക്ക് പോര്‍ക്കളത്തില്‍ തന്ത്രപരമായ പിഴവുകളും സംഭവിച്ചു. തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു പ്രശ്നങ്ങള്‍. ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് സൈനികരെയാണ് റഷ്യ അയച്ചത്. ഇത് എളുപ്പത്തില്‍ യുക്രൈന്‍ കീഴടങ്ങുമെന്ന് കരുതിയാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രക്തത്തില്‍ കുളിച്ച പല സൈനികരെയും ഇവര്‍ക്ക് കാണേണ്ടി വന്നു. മൂന്ന് ദിവസത്തിനുള്ളില്‍ കീവ് പിടിക്കാനായിരുന്നു പ്ലാന്‍.

ഇത് വലിയ അബദ്ധമായിരുന്നു.അതേസമയം പല സൈനികര്‍ക്കും യുക്രൈനിലേക്ക് യുദ്ധത്തിന് പോവുകയായിരുന്നുവെന്ന് അറിയുമായിരുന്നില്ല. റഷ്യന്‍ സംസാരിക്കുന്ന വലിയൊരു ജനവിഭാഗം യുക്രൈനിലുണ്ടായിരുന്നു. ഇവരുമായി ഈ സൈനികര്‍ക്ക് മാനസിക അടുപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പോരാട്ടം കടുപ്പിക്കാനായില്ല. റഷ്യന്‍ സൈന്യത്തിന് പക്ഷേ കനത്ത നഷ്ടമാണ് നേരിട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments