തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ കുടുംബങ്ങളില്‍ 66 പെണ്‍കുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരില്‍ പീഡനമേറ്റ് മരണപ്പെട്ടത്. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ വെമ്പായത്തെ സ്ത്രീ പീഡന മരണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇക്കൂട്ടത്തിലില്ല.
പൊലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണ് സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാര്‍ത്ഥ കണക്ക് ഇതില്‍ക്കൂടും. 2016ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017ല്‍ 12ഉം 18ല്‍ 17ഉം പേര്‍ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേര്‍ക്കു വീതവും സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടു.
ഈ വര്‍ഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസത്തിനുള്ളില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2016ല്‍ 3,455 കേസുകളും 2017ല്‍ 2,856 കേസുകളും 2018ല്‍ 2,046 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2019ല്‍ 2,991 കേസുകളും 2010ല്‍ 2,715 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ പൊലീസും സര്‍ക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
വിസ്മയയെ താന്‍ മുമ്പ് മര്‍ദിച്ചിട്ടുണ്ടെന്നും ചിത്രങ്ങളിലുള്ളത് താന്‍ മുമ്പ് മര്‍ദിച്ചതിന്റെ പാടുകളാണെന്നും ഭര്‍ത്താവ് കിരണ്‍ പൊലീസിന് മൊഴി നല്‍കി. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും അസിസ്റ്റന്‌റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഇയാള്‍ക്കെതിരേ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു.
വഴക്കിന് ശേഷം വീട്ടില്‍പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പൊലീസിനോട് പറഞ്ഞു.
വഴക്കിന് ശേഷം ശുചിമുറിയില്‍ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടതെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, കേസില്‍ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മര്‍ദിച്ചതായി വിസ്മയയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
സംഭവത്തില്‍ ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനു വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു.
ഇതിന് തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതെന്നാണ് വിസ്മയയുടെ കുടുംബം ആരോപിക്കുന്നത്.