Monday, December 23, 2024

HomeMain Storyഅഫ്ഗാന്‍ മുന്‍ ധനമന്ത്രി ഖാലിദ് പയേന്ദ ഇന്ന് യു.എസില്‍ ടാക്സി ഡ്രൈവര്‍

അഫ്ഗാന്‍ മുന്‍ ധനമന്ത്രി ഖാലിദ് പയേന്ദ ഇന്ന് യു.എസില്‍ ടാക്സി ഡ്രൈവര്‍

spot_img
spot_img

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ മുന്‍ ധനമന്ത്രി ഖാലിദ് പയേന്ദ അമേരിക്കയില്‍ ടാക്സി ഡ്രൈവര്‍. അഫ്ഗാനിലെ ആദ്യത്തെ സ്വകാര്യ സര്‍വ്വകലാശാലയുടെ സഹസ്ഥാപകന്‍ കൂടിയായ ഖാലിദ് പയേന്ദക്ക് ഇപ്പോള്‍ ജീവിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. വാഷിംഗ്ടണിലും പരിസരത്തും ഒരു യൂബര്‍ വാഹനം ഓടിച്ച് ധനം കണ്ടെത്താനാണ് ഈ മുന്‍ ധനമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്.

കാബൂള്‍ താലിബാന്റെ കീഴിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ധനമന്ത്രി സ്ഥാനം ഖാലിദ് പയേന്ദ രാജിവച്ചിരുന്നത്. തുടര്‍ന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്. ഇതിനു പുറമെ, ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് പ്രൊഫസറായും ഖാലിദ് ജോലി ചെയ്യുന്നുണ്ട്.

ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിനു വേണ്ടി ഏതറ്റംവരെയും കഷ്ടപ്പെടാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ലെബനന്‍ കമ്പനിക്ക് പണം നല്‍കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍, ഒരു പൊതുയോഗത്തില്‍ അഫ്ഗാന്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി പരസ്യമായി വിമര്‍ശിച്ചതോടെയാണ് ധനമന്ത്രി സ്ഥാനം ഖാലിദ് രാജിവച്ചിരുന്നത്.

ഇതിനു ശേഷം താലിബാന്‍ കടന്നു കയറ്റം കുടി ഉണ്ടായതോടെ അവിടെ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായത്. താലിബാന്‍ എത്തുന്നതിനു മുന്‍പ് അഷ്റഫ് ഗനി തന്നെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയപ്പെട്ടിരുന്നതായി വാഷിങ്ങ് ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍, തനിക്ക് സ്ഥലമില്ലന്നും, ഇവിടെയും ഇല്ല, അവിടെയും ഇല്ലഎന്ന അവസ്ഥയിലാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഖാലിദിന്റെ അഭിപ്രായത്തില്‍ ആരും കുറ്റക്കാരല്ല. എല്ലാം ‘വിധി’ മാത്രമാണ്. അമേരിക്ക അഫ്ഗാനിസ്ഥാനെ കൈവിട്ടപ്പോള്‍, പിടിച്ചു നില്‍ക്കാനുള്ള കൂട്ടായ ഇച്ഛാശക്തി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്നില്ലന്നും മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി.

ടെലിവിഷനില്‍ നിന്നും ട്വിറ്ററില്‍ നിന്നുമാണ് കാബൂളിന്റെ പതനത്തെക്കുറിച്ച് ഖാലിദ് അറിഞ്ഞിരുന്നത്. തങ്ങള്‍ നിര്‍മ്മിച്ചത് ഇത്രവേഗം തകര്‍ന്നുവീണത് ഏറെ വേദനാജനകമായിരുന്നു. ‘ചീട്ടുകൊട്ടാരം’ എന്നാണ് അഫ്ഗാനിസ്ഥാനെ ഖാലിദ് വിശേഷിപ്പിച്ചിരിക്കുന്നത്.

അഴിമതിയുടെ അടിത്തറയില്‍ നിര്‍മ്മിച്ച കൊട്ടാരമാണിത്. സര്‍ക്കാരിലെ ചിലര്‍ അവസാന അവസരം ലഭിച്ചപ്പോഴും, മോഷ്ടിക്കാനാണ് ശ്രമിച്ചത്. ”ഞങ്ങള്‍ തന്നെ ഞങ്ങളുടെ ആളുകളെ ഒറ്റിക്കൊടുത്തുവെന്നും ‘ മുന്‍ അഫ്ഗാന്‍ മന്ത്രി തുറന്നടിച്ചു.

ഇതാദ്യമായല്ല ഖാലിദ് പയേന്ദ സ്വന്തം നാട് വിടുന്നത്. 1992 ല്‍, അദ്ദേഹത്തിന് 11 വയസ്സുള്ളപ്പോള്‍, അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനാല്‍, അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനിലേക്ക് മാറി താമസിക്കുകയുണ്ടായി.

ഒരു ദശാബ്ദത്തിന് ശേഷം, അമേരിക്കക്കാര്‍ താലിബാനെ അട്ടിമറിച്ചതിന് ശേഷം, അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ സ്വകാര്യ സര്‍വ്വകലാശാലയുടെ സഹസ്ഥാപകനായാണ് അദ്ദേഹം പിന്നീട് മടങ്ങിയെത്തിയിരുന്നത്.

അമേരിക്കന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്, വേള്‍ഡ് ബാങ്ക് എന്നിവയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന അദ്ദേഹം 2008-ല്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പില്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നാണ് ആദ്യമായി അമേരിക്കയില്‍ എത്തിയിരുന്നത്.

2006-ല്‍ അഫ്ഗാന്‍ ഉപധനമന്ത്രിയായ അദ്ദേഹം, 2019-ല്‍ വീണ്ടും താത്കാലികമായി അമേരിക്കയിലേക്ക് മാറി താമസിക്കുകയുണ്ടായി. 2020-ല്‍, ധനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍, അദ്ദേഹം കാബൂളിലേക്ക് മടങ്ങി എത്തുകയാണുണ്ടായത്.

എന്നാല്‍, ഈ തിരിച്ചു പോക്കില്‍ അദ്ദേഹത്തിന്റെ കുടുംബം എതിരായിരുന്നു, ഖാലിദിന്റെ പിടിവാശിയാണ് അവിടെയും വിജയിച്ചിരുന്നത്. ഈ നിലപാട് തെറ്റായി പോയെന്നും അന്നത്തെ തന്റെ തീരുമാനത്തില്‍ ഖേദിക്കുന്നു എന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

കാബൂളിന്റെ പതനത്തിന് മാസങ്ങള്‍ക്ക് മുമ്പ്, കാണ്ഡഹാറിന് പുറത്തുള്ള അനധികൃത കസ്റ്റംസ് പോസ്റ്റില്‍ താന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും അഭിമുഖത്തില്‍ മുന്‍ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്ന ഉദ്യോഗസ്ഥരെ ഖാലിദ് ചോദ്യം ചെയ്തപ്പോള്‍, അദ്ദേഹത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ വീഡിയോ ഇപ്പോഴും ഈ മുന്‍ അഫ്ഗാന്‍ മന്ത്രിയുടെ സെല്‍ഫോണിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments