ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് സെന്സൊഡൈന് ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ടൂത്ത് പേസ്റ്റ് കമ്ബനിയ്ക്ക് പിഴ ചുമത്തിയത്. പരസ്യം നല്‍കുന്നത് ഏഴ് ദിവസത്തിനുള്ളില്‍ നിര്‍ത്തിവെയ്ക്കാനും അതോറിറ്റി മേധാവി നിധി ഖാരെ ഉത്തരവിട്ടു.
ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് അതോറിറ്റി കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ് എന്ന് അതോറിറ്റി വ്യക്തമാക്കി.
‘ലോകത്തിലെ ഒന്നാം നമ്ബര്‍ സെന്‍സിറ്റവിറ്റി ടൂത്ത് പേസ്റ്റ്’, ‘ലോകമെമ്ബാടുമുള്ള ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്’ എന്നീ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങളും, വിദേശ ദന്തഡോകര്മാരുടെ അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന പരസ്യങ്ങളും നിര്‍ത്താനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിട്ടത്.
വിദേശ ദന്തഡോക്ടര്‍മാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തലാക്കാന്‍ 2022 ഫെബ്രുവരി 9ന് അതോറിറ്റി ഉത്തരവിട്ടിരുന്നു. ടിവി, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ സെന്സൊഡൈന് ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ കേന്ദ്ര ഉഭോക്തൃ സംരക്ഷണ അതോറിറ്റി സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.
വിദേശത്തുള്ള ദന്തഡോക്ടര്‍മാര്‍ പല്ല് പുളിപ്പിനും, മറ്റ് ദന്തപ്രശ്നങ്ങള്‍ക്കും സെന്സൊഡൈന് റാപ്പിഡ് റിലീഫ്, സെന്സൊഡൈന് ഫ്രെഷ് ജെല്‍ എന്നിവയുടെ ഉപയോഗം അംഗീകരിച്ചതായി പരസ്യത്തില്‍ കാണിക്കുന്നു. അതുപോലെ 60 സെക്കന്‍ഡിനുള്ളില്‍ രോഗികള്‍ക്ക് ആശ്വാസം ലഭിക്കുന്നുവെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ ശരിവെയ്ക്കുന്ന പഠന റിപ്പോര്‍ട്ട് ഇതുവരെ കമ്ബനി സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരസ്യം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്ബനി ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നും കേന്ദ്ര ഉഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.