കിവ്: റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ ഫ്ലീറ്റിന്റെ കൊടിക്കപ്പല്‍, മോസ്ക്‍വ യുക്രെയ്ന്‍ സൈന്യം തകര്‍ത്തതിന്റെ പ്രതികാരമായി യുക്രെയ്ന്‍ തലസ്ഥാനമായ കിവില്‍ മിസൈലുകള്‍ വര്‍ഷിച്ച് റഷ്യ.
കിവിന്റെ പ്രാന്തപ്രദേശങ്ങളിലും പടിഞ്ഞാറന്‍ നഗരമായ ലിവിവിലും നിരവധി സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കിവില്‍നിന്ന് 900ത്തിലേറെ തദ്ദേശവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നേരത്തേ കിവ് പിടിക്കാനുള്ള റഷ്യയുടെ ശ്രമം യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രതിരോധത്തില്‍ തകരുകയായിരുന്നു. പിന്നാലെ കിവ് വിട്ട് റഷ്യന്‍ സേന മറ്റു നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടെ, യുക്രെയിന്‍ മിസൈല്‍ പതിച്ചാണ് മോസ്ക്‍വ തകര്‍ന്നതെന്നും കപ്പല്‍ മുങ്ങിയതായും യു.എസ് സ്ഥിരീകരിച്ചു.
കിവിലെ സൈനിക പ്ലാന്റ് ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മരിയുപോളില്‍ റഷ്യ ദീര്‍ഘദൂര ശേഷിയുള്ള ബോംബറുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയം ആരോപിച്ചു. മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റും തുറമുഖവും കേന്ദ്രീകരിച്ചാണ് ആക്രമണം. കിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവര്‍ണര്‍ അറിയിച്ചു. അതിനിടെ, പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, വിദേശ്യ കാര്യ സെക്രട്ടറി ലിസ് ട്രുസ്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് തുടങ്ങി 10ലേറെ ബ്രിട്ടീഷ് ഉന്നതര്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തി.