അഫ്ഗാനിസ്ഥാനില്‍ റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ പള്ളിയില്‍ വന്‍സ്ഫോടനം.സ്ഫോടനത്തില്‍ പ്രാര്‍ഥനക്കെത്തിയ 50ലേറെപ്പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു. സുന്നി പള്ളിയിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സിക്ര്‍ എന്നറിയപ്പെടുന്ന ആചാരത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം.
സിക്ര്‍ ആചരിക്കുന്നത് ചില സുന്നി ഗ്രൂപ്പുകള്‍ മതവിരുദ്ധമായി കാണുന്നു. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഇമാം സയ്യിദ് ഫാസില്‍ ആഘ പറഞ്ഞു.മരിച്ചവരില്‍ തന്റെ മരുമക്കളുമുണ്ടെന്ന് ഇമാം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. താന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രികളില്‍ ഇതുവരെ 66 മൃതദേഹങ്ങളുണ്ടെന്ന് ആരോഗ്യകേന്ദ്രങ്ങള്‍ അറിയിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഔദ്യോഗികമായി 10 മരണങ്ങള്‍ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ആക്രമണത്തെ അപലപിച്ചു.