ലണ്ടന്‍: പ്രാദേശിക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് വിജയം. മൂന്നു ലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ മലയാളികളും പ്രാദേശിക തിരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനമായി. പതിവുപോലെ കരുത്തരായ മലയാളി സ്ഥാനാര്‍ഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പിന് ആവേശം പകര്‍ന്നു.
ലണ്ടനിലെ ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സില്‍, കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ടണ്‍, കേംബ്രിഡ്ജ് റോയിസ്റ്റണ്‍ ടൗണ്‍ കൗണ്‍സില്‍, ഹണ്ടിങ്ടണ്‍ഷെയര്‍ ഡിക്ട്രിസ്‌ക്ട് കൗണ്‍സില്‍, ക്രോയിഡണ്‍, ന്യൂകാസില്‍ എന്നിവിടങ്ങളിലാണ് മലയാളി സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.
ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സിലിലെ വെയില്‍ബോണ്‍ വാര്‍ഡില്‍ കണ്‍സര്‍വേറ്റീവ് (ടോറി) സ്ഥാനാര്‍ഥിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശി സുഭാഷ് നായര്‍ 709 വോട്ടുകള്‍ നേടി ശക്തമായ മല്‍സരമാണ് കാഴ്ചവച്ചത്. ലേബര്‍ കോട്ടയില്‍ വിജയം നേടാനായില്ലെങ്കിലും അതിശക്തമായ വെല്ലുവിളിയാണ് ഇവിടെ സുഭാഷ് ലേബറിന് ഒരുക്കിയത്.
കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ടണ്‍ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ഥിയായ ബൈജു വര്‍ക്കി തിട്ടാല 30 വോട്ടിന്റെ മാര്‍ജിനില്‍ ലിബറല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ തോല്‍പിച്ച് രണ്ടാംവട്ടവും കൗണ്‍സിലറായി. മുന്‍പ് ബൈജു ഒരുതവണ ജയിക്കുകയും മറ്റൊരിക്കല്‍ പരാജയപ്പെടുകയും ചെയ്ത മണ്ഡലമാണിത്. ഹണ്ടിങ്ടണ്‍ നോര്‍ത്തില്‍ ടോറി ടിക്കറ്റില്‍ ജനവിധി തേടിയ അങ്കമാലി സ്വദേശി ലീഡോ ജോര്‍ജ് പരാജയപ്പെട്ടു. ലീഡോ നേരിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്.
ന്യൂകാസില്‍ ബ്ലേക്ക് ലോ ഡിവിഷനില്‍നിന്നും ലേബര്‍ ടിക്കറ്റില്‍ മല്‍സരിച്ച പാലാ സ്വദേശിനി ജൂണാ സത്യന്‍ വിജയിച്ചു. നോര്‍ത്തബ്രിയ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് വിഭാഗം സീനിയര്‍ ലക്ചററാണ് ജൂണ. ഭര്‍ത്താവ് ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണി ബ്രിട്ടനില്‍ ഫുട്‌ബോള്‍ പരിശീലകനായിജോലി ചെയ്യുന്നു.
കേംബ്രിഡ്ജിലെ റോയ്സ്റ്റണ്‍ ടൗണ്‍ കൗണ്‍സില്‍ വാര്‍ഡില്‍നിന്നും ലേബര്‍ ടിക്കറ്റില്‍ മത്സരിച്ച മേരി ആര്‍. ആന്റണിയും വിജയിച്ചു. മുംബൈ മലയാളിയായ മേരി ആര്‍. ആന്റണി കൊച്ചി പെരുമ്പടപ്പ് സ്വദേശിയാണ്. ക്രോയിഡണിലെ മൂന്നു വാര്‍ഡുകളില്‍ മലയാളി സ്ഥാനാര്‍ഥികള്‍ മല്‍സരത്തിനുണ്ട്. ഇവിടങ്ങളിലെ ഫലങ്ങള്‍ രാത്രി വൈകിയും അറിവായിട്ടില്ല. മുന്‍ ക്രോയിഡണ്‍ മേയര്‍ കൂടിയായ മഞ്ജു ഷാഹുല്‍ ഹമീദ് ക്രോയിഡണ്‍ ബ്രോഡ്ഗ്രീന്‍ വാര്‍ഡിലും ജോസഫ് ജോസ് ഫെയര്‍ഫീല്‍ഡ് വാര്‍ഡിലും ലേബര്‍ ടിക്കറ്റിലാണ് മല്‍സരിച്ചത്.