തിരുവനന്തപുരം: കേരളത്തില്‍ തൊഴില്‍രഹിതരില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തു തൊഴിലിനായി കാത്തിരിക്കുന്നവരില്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള 85,606 പേര്‍.
ഇതില്‍ 47,400 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളും 38,206 പേര്‍ ഡിപ്ലോമ യോഗ്യതയുള്ളവരുമാണ്. എംബിബിഎസ് പാസായ 8,559 പേരും സംസ്ഥാനത്തെ 85 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലായി റജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയിലുണ്ട്.
ബിരുദധാരികളായ തൊഴിലന്വേഷകരില്‍ വനിതകളാണു കൂടുതല്‍; 7158 ഡോക്ടര്‍മാരും 26,163 എന്‍ജിനീയര്‍മാരും. ജോലിക്കായി സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെ ആകെ സംഖ്യ 29,17,007. ഇതില്‍ 18.52 ലക്ഷം പേരും വനിതകളാണ്.
ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. പുരുഷന്മാര്‍:10,64,871, ട്രാന്‍സ്‌ജെന്‍ഡര്‍: 30. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 5,43,721 പേരും പട്ടിക വിഭാഗത്തില്‍(എസ്ടി) നിന്ന് 43,874 പേരുമുണ്ട്. തൊഴില്‍ തേടുന്നവരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയാണു മുന്നില്‍.
റജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ക്കു ജോലി ലഭിച്ചാലും യഥാസമയം അറിയിക്കാറില്ലെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.