ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. അമൃതാനന്ദമയിയുടെ കാല്‍ക്കലിരിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഡെമി മൂറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
‘ഹാപ്പി മദേഴ്‌സ് ഡേ! പരിമിതികളില്ലാത്ത യഥാര്‍ഥ സ്‌നേഹത്തിലേക്കു വഴി തെളിച്ചവര്‍ക്കും സ്‌നേഹം കൊണ്ട് എന്റെ വഴിയില്‍ പ്രകാശം നിറയ്ക്കുന്ന പെണ്‍മക്കള്‍ക്കും അളവറ്റ നന്ദി’ എന്ന വാക്കുകളോടെയാണ് ഡെമി മൂര്‍ ചിത്രം പോസ്റ്റ് ചെയ്തത്. മക്കളായ റൂമെര്‍, സ്‌കൗട്ട്, ടല്ലുലാ എന്നിവര്‍ സ്‌നേഹവായ്‌പോടെ അമൃതാനന്ദമയിയോട് ചേര്‍ന്നിരിക്കുകയാണ് ചിത്രത്തില്‍. ഡെമി മൂര്‍ അമൃതാനന്ദമയിയുടെ അനുയായി ആണെന്ന് ഇതാദ്യമായാണ് വെളിപ്പെടുത്തുന്നത്.
പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസുമായുള്ള ദാമ്പത്യത്തിലാണ് ഡെമി മൂറിന് മൂന്നു പെണ്‍മക്കള്‍ ജനിക്കുന്നത്. 1987 ല്‍ വിവാഹിതരായ ഇവര്‍ 2000 ല്‍ വേര്‍പിരിഞ്ഞു. ഈയടുത്ത് അഫാസിയ രോഗം മൂലം അഭിനയലോകത്തുനിന്നു ബ്രൂസ് വില്ലിസ് പിന്മാറുകയാണെന്ന വിവരം ഡെമി മൂറും വില്ലിസിന്റെ നിലവിലെ പങ്കാളി എമ്മ ഹെമിങ്ങും ചേര്‍ന്നാണ് പുറത്തു വിട്ടത്.