മുംബൈ: പുരുഷന്മാരെ തല്ലുന്നയാളാണ് താനെന്ന് അപവാദം പ്രചരിക്കുന്നതിനാല്‍ വിവാഹം നീണ്ടുപോകുന്നുവെന്ന് നടി കങ്കണ റണൗട്ട്. പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നും കങ്കണ പറയുന്നു.
അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍, വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്.
താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തുമെന്ന് കരുതുന്നെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.
”തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും മാറും. ”കങ്കണ പറഞ്ഞു.