ജനീവ: റഷ്യ ചെയ്ത യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അന്വേഷണം പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ വോട്ടെടുപ്പില്‍ എതിര്‍ത്തു വോട്ട് ചെയ്ത് ചൈന.
ഈ അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് ചൈന അജണ്ടയെ എതിര്‍ത്ത് വോട്ട് ചെയ്തത്.
‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി കാര്യങ്ങളിലെ രാഷ്ട്രീയവല്‍ക്കരണവും മറ്റുള്ള ഉദ്ദേശങ്ങളും കൗണ്‍സിലിന്റെ വിശ്വസ്തതയെയും നിഷ്പക്ഷതയേയും ആഴത്തില്‍ ബാധിച്ചിരിക്കുന്നു’ ചൈനീസ് പ്രതിനിധിയായ ചെന്‍ സു, യു.എന്‍ പ്രസംഗത്തിനിടയില്‍ വ്യക്തമാക്കി. 33 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ചൈനയും എറിത്രിയയും മാത്രമാണ് അന്വേഷണം
വേണ്ടെന്ന് വോട്ട് ചെയ്തത്.
റഷ്യ ഉക്രൈനില്‍ നടത്തുന്ന അധിനിവേശത്തില്‍ സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു മേല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യു.എന്‍ ഈ പ്രമേയം കൊണ്ടുവന്നത്. അതേസമയം, 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ഇന്ത്യ, ബൊളീവിയ, അര്‍മേനിയ, കാമറൂണ്‍, ക്യൂബ, കസാഖ്സ്ഥാന്‍, നമീബിയ, പാകിസ്ഥാന്‍, സെനഗല്‍, സുഡാന്‍, ഉസ്ബക്കിസ്ഥാന്‍, വെനിസ്വേല എന്നീ രാഷ്ട്രങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്