കൊച്ചി: കോണ്‍ഗ്രസ് വിട്ട കെ.വി. തോമസ് തിരുത മത്സ്യമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ.വി. തോമസ് സ്വയം ആര്‍ജിച്ച ഒരു പേരുണ്ട്, തിരുത തോമസ്. തിരുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്. കോണ്‍ഗ്രസിലുണ്ടോ എന്നു ചോദിച്ചാല്‍ അവിടെയുണ്ട്,
ബിജെപിയിലുണ്ടോ എന്നുചോദിച്ചാല്‍ അവിടെയുമുണ്ട്. അതുകൊണ്ട്, തോമസ് ഒരു ഓട്ടക്കാലണയാണ്. എടുക്കാത്ത നാണയമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പും ശേഷവുമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക നില ജനങ്ങള്‍ക്ക് അറിയാം. കെ.വി. തോമസ് ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ ഇവിടെ ഇറക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടു. കാരണം, തോമസ് ആരാണെന്ന് ചോദിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ തടങ്കല്‍ പാളയത്തില്‍ വെച്ചിരിക്കുന്നത്. അദ്ദേഹത്തെ റിലീസ് ചെയ്യണമെന്നും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.