കൊച്ചി: തൃക്കാക്കരയില്‍ നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് തക്കാളിയുടെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കളിയാക്കി. വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വി.ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കമെന്നും സതീശന് ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസില്‍ യു.ഡി.എഫ് എന്നും അതിജീവിതയ്ക്കൊപ്പമാണ്. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്ന് തോന്നിയിട്ടാണ് അഭിപ്രായം പറയാതിരുന്നത്. കേസ് അട്ടിമറിക്കപ്പെട്ടാല്‍ ശക്തമായ പ്രക്ഷോഭമുണ്ടാവും.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാവരുത്. അന്വേഷണം നടക്കുന്നേയുള്ളൂ.അതിന് മുന്നെ എങ്ങനെയാണ് കുറ്റപത്രം സമര്‍പ്പിക്കുകയന്നും സതീശന് ചോദിച്ചു.