ലണ്ടന്‍ : ലോക്ക്ഡൗണ്‍ പാര്‍ട്ടി വിവാദത്തില്‍ വീണ്ടും ക്ഷമാപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.
ലോക്ക്‌ഡൗണ്‍ കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം ജീവനക്കാര്‍ നടത്തിയ പാര്‍ട്ടികളില്‍ മുതിര്‍ന്ന സിവില്‍ ഉദ്യോഗസ്ഥ സ്യൂ ഗ്രേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ക്ഷമാപണം.
സംഭവിച്ചതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് പറഞ്ഞ ബോറിസ് രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ചു. വിവാദങ്ങള്‍ക്ക് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയെല്ലാം താന്‍ മാറ്റിയെന്നും ബോറിസ് അറിയിച്ചു. ഭരണനേതൃത്വത്തിന്റെ പരാജയമാണ് 2020 – 2021 കാലയളവില്‍ നടന്ന ലോക്ക്ഡൗണ്‍ പാര്‍ട്ടികളെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേ സമയം, 2020 നവംബറില്‍ ലോക്ക്‌ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ഒരു വിടവാങ്ങല്‍ പാര്‍ട്ടിയുടേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങളില്‍ മദ്യ ഗ്ലാസുമായി വിരുന്നില്‍ പങ്കെടുക്കുന്ന ബോറിസിനെയും കാണാമായിരുന്നു.