ബെയ്ജിങ്; തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തിയതായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെളിപ്പെടുത്തല്‍.
യുഎസ്സിനുള്ള മുന്നറിയിപ്പായാണ് സൈനികാഭ്യാസം നടത്തിയതെന്ന് ചൈന അറിയിച്ചു. ചൈന തയ്‌വാനില്‍ അധിനിവേശം നടത്തിയാല്‍ പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ചൈനയുടെ നീക്കം.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ തിയറ്റര്‍ കമാന്‍ഡ് തയ്‍വാനു ചുറ്റും സൈനികാഭ്യാസങ്ങളും പട്രോളിങ്ങും നടത്തിയതായി കിഴക്കന്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ ഷി യി വ്യക്തമാക്കി.
തയ്‌വാന്‍ വിഷയത്തില്‍ യുഎസ് പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും തയ്‌വാന്‍ സ്വാതന്ത്ര്യ സേനയെ വെറുതെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതു സ്ഥിതി ഗുരുതരമാക്കുമെന്നും തയ്‌വാനും യുഎസും വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണം നടത്തുന്ന തയ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വീക്ഷണം. ചൈനയുടെ അധികാരകേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമം നടത്തുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബലം പ്രയോഗിച്ച് തയ്‌വാനെ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് ബൈഡനും വ്യക്തമാക്കി.