അല്‍വാര്‍: ഭാര്യയുടെ ഗാര്‍ഹിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലായ ഭര്‍ത്താവിന് സംരക്ഷണം അനുവദിച്ച് കോടതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ബിവാഡിയിലാണ് സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായ അജിത് യാദവ് (32), ഭാര്യ സുമന്‍ യാദവിന്റെ ശാരീരിക പീഡനെത്തിനെതിരെ പരാതി നല്‍കിയത്.
സുമന്‍ ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് അജിത്തിനെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭാര്യയുടെ ഉപദ്രവം സഹിക്കാനാവാതെ അജിത് വീട്ടിനുള്ളില്‍ ഘടിപ്പിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതു സഹിതമാണ് അജിത് കോടതിയെ സമീപിച്ചത്.
ഏഴു വര്‍ഷം മുന്‍പായിരുന്നു അജിത്തും സുമനും തമ്മിലുള്ള പ്രണയവിവാഹം. ഇരുവര്‍ക്കും ആറു വയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്. കുട്ടിയുടെ മുന്‍പില്‍വച്ച് ഉള്‍പ്പെടെ അജിത്തിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇപ്പോള്‍ ഹരിയാനയിലെ ഖര്‍ഖാര സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അജിത്, ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭാര്യ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് അജിത് പരാതിയില്‍ പറയുന്നു. ദാമ്പത്യജീവിതം സംരക്ഷിക്കുന്നതിനായാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും അജിത് പറഞ്ഞു. സംഭവത്തില്‍ ഭാര്യയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.