ന്യൂഡെല്‍ഹി: പതിറ്റാണ്ടുകളായി രാജ്യത്തെ വാഹനപ്രേമികളുടെയും യാത്രക്കാരുടെയും പ്രിയപ്പെട്ട ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ തിരിച്ചുവരുന്നു. പുതിയ രൂപത്തിലും ഭാവത്തിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വാഹനം നിരത്തിലിറങ്ങുമെന്നാണ് റിപോര്‍ട്.
ഹിന്ദ് മോടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയും (എച്‌എംഎഫ്സിഐ) ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയും പുതിയ അവതാരത്തില്‍ പുറത്തിറങ്ങുന്ന ‘അംബി’യുടെ ഡിസൈനിലും എന്‍ജിനിലും കൈകോര്‍ക്കുന്നു. സംയുക്ത സംരംഭമായ അംബാസഡര്‍ 2.0 യുടെ രൂപകല്‍പ്പനയിലും എന്‍ജിനിലും ഇരു കംപനികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായാണ് റിപോര്‍ട്.
ഹിന്ദുസ്താന്‍ മോടോഴ്സിന്റെ ഉടമസ്ഥതയിലുള്ള അംബാസഡര്‍ കാര്‍ 1958 മുതല്‍ 2014 വരെ രാജ്യത്തുണ്ടായിരുന്നു. 1960-കള്‍ മുതല്‍ 1990-കളുടെ മധ്യം വരെ ഇത് ഇന്‍ഡ്യയിലെ സ്റ്റാറ്റസ് സിംബലായിരുന്നു, മാത്രമല്ല വിപണിയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആഡംബര കാറുമായിരുന്നു. ഹിന്ദുസ്താന്‍ മോടോഴ്സിന്റെ ചെന്നൈ പ്ലാന്റായിരിക്കും അടുത്ത തലമുറ അംബാസഡര്‍ നിര്‍മിക്കുകയെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
‘പുതിയ രൂപ’മായ അംബിയെ പുറത്തുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഹിന്ദുസ്താന്‍ മോടോഴ്സ് ഡയറക്ടര്‍ ഉത്തം ബോസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.