തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന് കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമായത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ.
മരിച്ച ഹര്‍ഷാദ് വ്യാഴാഴ്ച 12.19 ഓടെ കൂട് വൃത്തിയാക്കി പുറത്തിറങ്ങുന്നതും ഒഴിഞ്ഞ കൂടുകളിലേക്ക് പാമ്പിനെ മാറ്റാതെ വിസര്‍ജ്യം നീക്കാന്‍ പാമ്പുള്ള കൂട്ടിലേക്ക് കൈയിടുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് മൃഗശാല ഡയറക്ടര്‍ എസ്. അബു പറഞ്ഞു.
അതേസമയം, അസാമാന്യ ധൈര്യമാണ് ഹര്‍ഷാദ് പ്രകടിപ്പിച്ചത്. കടിയേറ്റിട്ടും രാജവെമ്പാല പുറത്തിറങ്ങാത്ത രീതിയില്‍ കൂട് അടച്ച് കൊളുത്തിട്ട ശേഷമാണ് ഹര്‍ഷാദ് പുറത്തിറങ്ങിയത്. ഹര്‍ഷാദ് കൂട് അടയ്ക്കാതെ പുറത്തിറങ്ങിയിരുന്നുവെങ്കില്‍ പാമ്പ് പുറത്തേക്ക് വരികയും കൂടുതല്‍ ആപത്കരമായ സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍ പറഞ്ഞു.
മുമ്പ് ഹര്‍ഷാദിന് അനാക്കോണ്ടയുടെ കടിയേറ്റിട്ടുണ്ട്. അനാക്കോണ്ടയ്ക്ക് വിഷമില്ലാത്തതിനാല്‍ അന്ന് ജീവന് ആപത്തുണ്ടായില്ല. തിരുവനന്തപുരം മൃഗശാലയില്‍ കാര്‍ത്തിക്, നീല, നാഗ എന്നീ മൂന്ന് രാജവെമ്പാലകളാണ് ഉള്ളത്. ഇതില്‍ മംഗളൂരു പിരികുള ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 18ന് തിരുവനന്തപുരത്തെത്തിച്ച ഏഴ് വയസുകാരന് കാര്‍ത്തിക്കാണ് ഹര്‍ഷാദിന്റെ ജീവനെടുത്തത്.
കൂട് വൃത്തിയാക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും മൃഗശാലയില്‍ മികച്ച സംവിധാനമാണുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി ചെറുതും വലുതുമായ രണ്ട് കൂടുകളാണ് ഉള്ളത്. കൂട് വൃത്തിയാക്കാന്‍ ജീവനക്കാര്‍ പ്രധാന കൂട്ടിലേക്ക് കയറുന്നതിന് മുമ്പ് രാജവെമ്പാലകളെ പിന്നിലെ ചെറിയ കൂട്ടിലേക്ക് മാറ്റും. വൃത്തിയാക്കുകയോ ഭക്ഷണം നിക്ഷേപിക്കുകയോ ചെയ്ത് പുറത്തിറങ്ങിയ ശേഷം പിന്നിലെ കൂട് തുറന്ന് പാമ്പുകളെ പ്രധാന കൂട്ടിലേക്കും വിടും.
രാജവെമ്പാലയും ജീവനക്കാരനും കൂട്ടില്‍ ഒരുമിച്ചുണ്ടാകുന്ന സാഹചര്യം ഉണ്ടാകാറില്ല. ഇത് ജീവനക്കാരുടെ സുരക്ഷയ്ക്ക് വളരെ പ്രധാനമാണ്. പാമ്പും ജീവനക്കാരനും കൂട്ടില്‍ ഒന്നിച്ചുണ്ടായതാണ് അപകടത്തിന് വഴിയൊരുക്കിയത്. വര്‍ഷങ്ങളായി പാമ്പുകളുമായി ഇടപഴകുന്നത് കൊണ്ടുണ്ടായ ആത്മവിശ്വാസമാകാം കാര്‍ത്തിക്കിന് മുന്നിലെ കൂട്ടിലേക്ക് പോകും മുമ്പ് പിന്നിലെ കൂട്ടില്‍ കയറാന്‍ ഹര്‍ഷാദിന് പ്രേരണയായതെന്നാണ് കരുതുന്നത്.
ഒന്നിലേറെ കടി ഹര്‍ഷാദിന് കിട്ടിയിട്ടുണ്ടോ എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലേ വ്യക്തമാകൂ. കടിച്ച പാമ്പിനെ പറിച്ചെറിഞ്ഞ് കൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഹര്‍ഷാദ് കൂട് പുറത്ത് നിന്നും അടച്ച ശേഷമാണ് ബോധരഹിതനായി വീണത്. വീഴ്ചയ്ക്കിടെ കൂടിന് പുറത്ത് ഹര്‍ഷാദ് ശക്തമായി അടിച്ചു. ഈ ശബ്ദം കേട്ട് മറ്റൊരു ജീവനക്കാരന് ഓടിയെത്തിയപ്പോഴാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്.
തുടര്‍ന്ന് മൃഗശാല ഡോക്ടറെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഹര്‍ഷാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃഗശാല ഡോക്ടറുടെ നിര്‍ദേശപ്രകാരം വെന്റിലേറ്റര്‍ സജ്ജമാക്കിയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ഹര്‍ഷാദ് മരിച്ചു.
തിരുവനന്തപുരം മൃഗശാലയില്‍ മൂര്‍ഖന്റെ വിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിവെനം മാത്രമാണുള്ളത്. ഇത് മൃഗങ്ങള്‍ക്ക് പാമ്പുകടിയേറ്റാല്‍ മാത്രം പ്രയോഗിക്കാനേ മൃഗശാല ഡോക്ടര്‍ക്ക് അനുമതിയുള്ളൂ. മനുഷ്യന് കടിയേറ്റാല്‍ ആശുപത്രിയിലെത്തിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.