കാഠ്മണ്ഡു: നാല് ഇന്ത്യക്കാരടക്കം 22 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നേപ്പാളിലെ മുസ്താങ് ജില്ലയിലെ പര്‍വത പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. കനേഡിയന്‍ നിര്‍മിത ടര്‍ബോപ്രോപ്പ് ട്വിന്‍ ഓട്ടര്‍ വിമാനം ഞായറാഴ്ച രാവിലെ വിനോദസഞ്ചാര നഗരമായ പൊഖാറയില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം കാണാതാകുകയായിരുന്നു.
വിമാനത്തില്‍ മൂന്ന് ജീവനക്കാരും നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍കാരും 13 നേപ്പാളി യാത്രക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അപകട കാരണം കണ്ടെത്താന്‍ സീനിയര്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ രതീഷ് ചന്ദ്രലാല്‍ സുമന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ കമീഷനെ നിയമിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തേക്ക് തിരിഞ്ഞതിനെ തുടര്‍ന്നാണ് പര്‍വതത്തില്‍ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി സി.എ.എന്‍ ഡയറക്ടര്‍ ജനറല്‍ പ്രദീപ് അധികാരി തിങ്കളാഴ്ച പാര്‍ലമെന്റിന്റെ അന്താരാഷ്ട്ര സമിതി യോഗത്തില്‍ അറിയിച്ചു. മുസ്താങ് ജില്ലയിലെ സനുസാരെ പാറക്കെട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.