ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. തെറ്റിദ്ധാരണ പരത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നും ശര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ആനന്ദ് ശര്‍മ. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നുമായിരുന്നു അല്‍പ്പ നേരം മുമ്ബ് വന്ന വാര്‍ത്തകള്‍.
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ ആനന്ദ് ശര്‍മയുടെയും ഗുലാം നബി ആസാദിന്റെയും പേരുകള്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാന്‍ ശര്‍മ തീരുമാനിച്ചു എന്ന വാര്‍ത്തകള്‍ വന്നത്. രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണിതെന്ന് നേരത്തെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ പത്തിനാണ്. കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ ലഭിക്കുമെന്നാണ് അനുമാനം. പത്ത് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.
സിറ്റിങ് എംപിമാരില്‍ നിലനില്‍ത്തിയത് മൂന്ന് പേരെ മാത്രമാണ്. പി ചിദംബരം, ജയറാം രമേശ്, വിവേക് തങ്ക എന്നിവരാണ് വീണ്ടും മല്‍സരിക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍. ഏഴ് പേര് പുതുമുഖങ്ങളാണ്. നാല് സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ ഏഴ് പേരെ മല്‍സരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടത്. ചിദംബരം തമിഴ്നാട്ടില്‍ നിന്നും ജയറാം രമേശ് കര്‍ണാടകയില്‍ നിന്നും വിവേക് തങ്ക രാജസ്ഥാനില്‍ നിന്നും മല്‍സരിക്കും.
അതേസമയം, മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23ലെ പ്രമുഖരുമായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ജി 23ലെ മറ്റൊരു പ്രമുഖ നേതാവായ കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ആനന്ദ് ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായത്.