യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പരാതിക്കാരി കേസ് കെട്ടിച്ചമച്ചതാണെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു മൊഴി നൽകി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്നും വിജയ് ബാബു മൊഴി നൽകി.
സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായതെന്നും. ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിലാണ് വിജയ് ബാബു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് വിജയ് ബാബു ഹാജരായത്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബു എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്.