Friday, December 27, 2024

HomeNewsIndiaനിര്‍ബന്ധിതമല്ലാത്ത മതപരിവര്‍ത്തനം നിരോധിക്കില്ലെന്ന് ഡല്‍ഹി ഹൈകോടതി

നിര്‍ബന്ധിതമല്ലാത്ത മതപരിവര്‍ത്തനം നിരോധിക്കില്ലെന്ന് ഡല്‍ഹി ഹൈകോടതി

spot_img
spot_img

ന്യൂഡല്‍ഹി: ആര്‍ക്കും ഏതു മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനും ഭരണഘടന അവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നും നിര്‍ബന്ധിതമല്ലാത്ത ഒരു മതപരിവര്‍ത്തനം നിരോധിക്കില്ലെന്നും ഡല്‍ഹി ഹൈകോടതി.

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റുന്നത് തടയാന്‍ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവ, തുഷാര്‍ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ദുര്‍മന്ത്രവാദം നടത്തിയും അന്ധവിശ്വാസം പ്രചരിപ്പിച്ചും കൂട്ട മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുണ്ടെന്ന് അശ്വിനി കുമാര്‍ ഹരജിയില്‍ പറഞ്ഞു. എന്നാല്‍, ഉപോല്‍ബലകമായ ആധികാരിക വിവരങ്ങളില്ലാതെ ഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

എന്തടിസ്ഥാനത്തിലാണ് താങ്കള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഹൈകോടതി ചോദിച്ചു. ‘നിങ്ങള്‍ നല്‍കിയ ഒന്നിനും തെളിവോ ഉദാഹരണമോ പോലും ഇല്ല. ഇതിന് വിശദമായ തെളിവ് ഹാജരാക്കൂ. എവിടെയാണ് ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ സ്ഥിതിവിവരക്കണക്കുകള്‍? എത്ര മതപരിവര്‍ത്തനങ്ങളാണ് നടന്നത്? ആരാണ് പരിവര്‍ത്തനം ചെയ്തത്? കൂട്ട മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയുന്നു, എവിടെ അതിന്റെ എണ്ണവും കണക്കും?’ ഹൈകോടതി ചോദിച്ചു.

‘ഒന്നാമതായി, ഇവിടെ മതപരിവര്‍ത്തനം നിരോധിച്ചിട്ടില്ല. ഏത് വ്യക്തിക്കും താന്‍ ജനിച്ച മതമോ, താന്‍ തിരഞ്ഞെടുക്കുന്ന മതമോ സ്വീകരിക്കാന്‍ അവകാശമുണ്ട്. അതാണ് നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം’ കോടതി പറഞ്ഞു.

കണ്‍കെട്ടുവിദ്യയും അത്ഭുത പ്രവൃത്തിയും മറയാക്കിയും നിര്‍ബന്ധിച്ചും മതംമാറ്റുന്നത് തടയാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹൈകോടതിയെ സമീപിച്ചത്. ‘വാട്‌സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വന്ന വിവരങ്ങള്‍വെച്ചാണ് ഹരജി. സോഷ്യല്‍ മീഡിയയിലെ വിവരങ്ങളെല്ലാം ആധികാരികമല്ല. നേരും നുണയും ഒരുപോലെ അവിടെ വിതരണം ചെയ്യുന്നുണ്ട്. മതംമാറ്റത്തിന്റെ കാര്യമെടുത്താല്‍, അത് നിരോധിച്ചിട്ടൊന്നുമില്ല. ഏതു മതം തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും വ്യക്തിക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്. നിര്‍ബന്ധിച്ചാണ് മതം മാറ്റുന്നതെങ്കില്‍, അത് വേറെ വിഷയം. പക്ഷേ, മതം മാറുന്നത് വ്യക്തിയുടെ ഇഷ്ടമാണ്’ -കോടതി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments