ന്യൂഡെല്‍ഹി: പ്രവാചക നിന്ദാ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യയില്‍ ചാവേര്‍ ഭീകരക്രമണം നടത്തുമെന്ന അല്‍ഖ്വയിദ ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത.
ഡെല്‍ഹി, മുംബൈ, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കും. ഭീഷണിയുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഡെല്‍ഹി, മുംബൈ, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് അല്‍ഖ്വയിദയുടെ ഭീഷണി. അല്‍ഖ്വയിദ ഇന്‍ സബ്‌കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി. പ്രവാചകനെ അവഹേളിച്ചവരെ വധിക്കുമെന്ന് കത്തില്‍ ഭീഷണിയുണ്ട്.
സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്‍ഫോടക വസ്‌തുക്കള്‍ വച്ചു കെട്ടി ആക്രമണം നടത്തും എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. പരിതപിച്ചത് കൊണ്ടോ, അപലപിച്ചത് കൊണ്ടോ വിഷയം അവസാനിക്കില്ലെന്നും, എത്ര സുരക്ഷ ഒരുക്കിയാലും രക്ഷപ്പെടാന്‍ ആകില്ലെന്നും കത്തില്‍ പറയുന്നുണ്ട്.