സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി തേടിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സ്വപ്‌നയുടെ അഭിഭാഷകനും ക്രൈംബ്രാഞ്ചിന് രഹസ്യ മൊഴി നൽകരുതെന്ന നിലപാടിലാണ്.
സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ഈ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി ആവശ്യപ്പെടുന്നത്.
സ്വപ്‌നയ്‌ക്കെതിരെ രണ്ട് കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രഹസ്യമൊഴി നൽകിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. അതുകൊണ്ട് തന്നെ മൊഴി വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ എന്താവശ്യത്തിനാണ് ക്രൈംബ്രാഞ്ച് മൊഴി ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു.
അന്വേഷണ ഏജൻസിയായ ഇ.ഡിക്ക് മൊഴി നൽകിയതാണ്. അതിനപ്പുറം മറ്റൊരു ഏജൻസിക്ക് മൊഴി നൽകുന്നതിനെ കുറിച്ച് കോടതി ചിന്തിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജീവന് ഭീഷണിയുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടെന്നും സ്വപ്‌ന കോടതിയിൽ ആവർത്തിച്ചു.