Friday, December 27, 2024

HomeAmericaബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ജൂണ്‍ 25 മുതല്‍

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ജൂണ്‍ 25 മുതല്‍

spot_img
spot_img

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: ഭാരത സഭയുടെ പിതാവും, ബ്രോങ്ക്‌സ് ഫൊറോന ഇടവകയുടെ മധ്യസ്ഥനുമായ മാര്‍ത്തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 25 മുതല്‍ ജൂലൈ അഞ്ചുവരെ വിവിധ തിരുകര്‍മങ്ങളോടെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. ഇടവകയിലെ തൊണ്ണൂറോളം പ്രസുദേന്തിമാര്‍ ചേര്‍ന്നാണ് ഇക്കൊല്ലത്തെ തിരുനാള്‍ ഏറ്റുകഴിക്കുന്നത്.

തിരുനാളിനു മുന്നോടിയായി ജൂണ്‍ 25 മുതല്‍ ദുക്‌റാന ദിനമായ ജൂലൈ മൂന്നാംതീയതി ഞായറാഴ്ച വരെ എല്ലാദിവസവും തോമാശ്ശീഹായുടെ നൊവേന ഉണ്ടായിരിക്കും.

ജൂണ്‍ 26-നു ഞായറാഴ്ച രാവിലെ പത്തിനു വി. കുര്‍ബാനയ്ക്കുശേഷം പ്രസുദേന്തിവാഴിക്കലും തുടര്‍ന്ന് കൊടിയേറ്റം നടക്കും. തിരുകര്‍മങ്ങള്‍ക്ക് ബുക്കാനന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ.ഫാ. റോയിസണ്‍ മേനോലിക്കല്‍ മുഖ്യകാര്‍മികനായിരിക്കും.

ജൂണ്‍ രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 4.30-നു വിശുദ്ധരുടെ രൂപപ്രതിഷ്ഠ, വേസ്പര തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയില്‍ ബ്രോങ്ക്‌സ് ഇടവകാംഗവും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവക അസി. വികാരിയുമായ റവ.ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ മുഖ്യകാര്‍മികനായിരിക്കും. തിരുകര്‍മങ്ങള്‍ക്കുശേഷം പാരീഷ് ഹാളില്‍ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ പ്രസുദേന്തി നൈറ്റും ഉണ്ടായിരിക്കും.

ദുക്‌റാന ദിനമായ ജൂലൈ മൂന്നാം തീയതി ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റോക്ക്‌ലാന്‍ഡ് ഹോളിഫാമിലി സീറോ മലബാര്‍ ഇടവക വികാരി റവ.ഫാ. റഫായേല്‍ അമ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദാമ്പത്യ ജീവിതത്തില്‍ പത്തോ അതിലധികമോ വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതിമാരെ അന്നേദിവസം ആദരിക്കുന്നതാണ്. കൂടാതെ ഇടവകയിലെ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ പള്ളി പരിസരത്ത് ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലാം തീയതി തിങ്കളാഴ്ച രാവിലെ പത്തിനു ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ബ്രോങ്ക്‌സ് ഇടവകാംഗവും, റോമിലെ സെന്റ് ലിബോറിക്കാ ദേവാലായ അസി. വികാരിയുമായ റവ.ഫാ. തോമസ് മാളിയേക്കല്‍ മുഖ്യകാര്‍മികനായിരിക്കും. വി. കുര്‍ബാനയ്ക്കുശേഷം താളമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്, ബ്രാങ്ക്‌സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടര്‍ന്ന് തോമാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ അഞ്ചാംതീയതി ചൊവ്വാഴ്ച മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കുന്നു. വൈകുന്നേരം 5.30-നു സെമിത്തേരി സന്ദര്‍ശനവും, ഒപ്പീസും ഉണ്ടാകും. (മൗണ്ട് കാല്‍വരി സെമിത്തേരി, വൈറ്റ് പ്ലെയിന്‍സ്) തുടര്‍ന്ന് ഏഴിനു ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും, ഒപ്പീസും ഉണ്ടാകും. ശേഷം തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും.

ഇടവക വികാരി റവ.ഫാ. ജോര്‍ജ് എളമ്പാശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ഷൈജു കളത്തില്‍, നിയോ കോയിപ്പള്ളി, ജ്യോതി കണ്ണേറ്റുമ്യാലില്‍, സെക്രട്ടറി ഷായിമോള്‍ കുമ്പിളുവേലി, കോര്‍ഡിനേറ്റര്‍മാരായ ഷാജി സഖറിയ, ജോര്‍ജ് കരോട്ട് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

നമ്മുടെ പിതാവായ തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് വികാരി റവ.ഫാ. ജോര്‍ജ് എളമ്പാശേരില്‍ സ്വാഗതം ചെയ്യുന്നു. പള്ളിയുടെ വിലാസം: 810 ഇ, 221 എസ്.ടി. ബ്രോങ്ക്‌സ്, ന്യൂയോര്‍ക്ക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments