കാബൂള്‍: അഫ്ഗാനിസ്താനിലെ സിഖ് ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
ഇന്ത്യയിലെ ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐ.എസ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ വിശദീകരിച്ചു. ഹിന്ദുക്കളേയും സിഖുകാരേയും ലക്ഷ്യമിട്ടാണ് ശനിയാഴ്ചത്തെ ആക്രമ നടത്തിയതെന്നും ഐ.എസ് അവരുടെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളിലൊന്നില്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കാബൂളിലെ സിഖ് ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഏഴുപേര്‍ക്ക് പരിക്കുണ്ട്. മൂന്ന് അക്രമികളെ താലിബാന്‍ സേന വെടിവെച്ചുകൊന്നു.
സ്‌ഫോടക വസ്തു നിറച്ചുവന്ന വാഹനം സുരക്ഷ ജീവനക്കാരന് തടയാനായത് വന്‍ ദുരന്തം ഒഴിവാക്കി. ശനിയാഴ്ച രാവിലെയാണ് കര്‍തെ പര്‍വാണ്‍ ഗുരുദ്വാരയില്‍ ആക്രമണമുണ്ടായത്.
തുടര്‍ന്ന് ഭീകരവാദികളും താലിബാന്‍കാരും തമ്മില്‍ വെടിവെപ്പുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തില്‍ താലിബാന്‍ നിയമിച്ച വക്താവ് അബ്ദുല്‍ നാഫി ടാകോര്‍ പറഞ്ഞു. ആക്രമണ സംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.