ഉദയ്പുർ; രാജസ്ഥാനിൽ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികൾക്കു ഭീകരബന്ധമെന്നു സൂചന. പ്രതികൾക്കു ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) ഉദയ്പൂരിൽ എത്തി. ഭീകരബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷം സംഭവം ഭീകരപ്രവർത്തനമായി പരിഗണിച്ച് എൻഐഎ അന്വേഷിച്ചേക്കും. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നത് ഉൾപ്പെടെയുള്ളവ പരിഗണനയിലാണ്. ഉദയ്പുരിലെ കൊലപാതകത്തെ ഭീകരപ്രവർത്തനമായാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്.
കനയ്യ ലാൽ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവർ പിടിയിലായിരുന്നു. റിയാസ് അഖ്താരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലാണ് ഐഎസ് സൂചനയുള്ളതെന്നു ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ചിരുന്നു.
കൊല്ലപ്പെട്ട കനയ്യ ലാൽ ടേലിക്ക് വധഭീഷണിയുണ്ടായിട്ടും ജാഗ്രത പുലർത്താത്തതിന് ധാൻമണ്ഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് എസ്ഐ ധൻവർ ലാലിനെ സസ്പെൻഡ് ചെയ്!തു. ജൂൺ 15നാണ് കനയ്യ ലാൽ വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നൽകിയത്.
ചാനൽ ചർച്ചയിൽ പ്രവാചകന്റെ ജീവിതം പരാമർശിച്ച് വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപു പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീതു ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ചാനൽ ചർച്ചയിൽ പ്രവാചകന്റെ ജീവിതം പരാമർശിച്ച് വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചയാളുടെ തലയറത്തുമാറ്റി താലിബാൻ മോഡൽ അതിക്രമം നടന്നത് രാജസ്ഥാനിലെ ഉദയ്പൂരിലാണ്. നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയിൽ പോസ്റ്റ് ഷെയർ ചെയ്തതിനാണ് താലിബാൻ മോഡൽ ആക്രമണം. ഉദയ്പൂരിലെ മാൽദാസ് സ്ട്രീറ്റ് ഏരിയയിൽ രണ്ട് പേർ ചേർന്നാണ് കൃത്യം നടത്തിയത്. തയ്യൽകാരനായ കനയ്യലാൽ അളവെടുക്കുന്നതിനിടെയാണ് ഇവർ കൈയ്യിൽ ഇരുന്ന കത്തി ഉപയോഗിച്ച് തലയറുത്തത്.
കശാപ്പ് കത്തിക്കാണ് പരസ്യമായി ഇവർ തലയറുത്തത്. ഇവർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ തലയറക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട്ട് സമാധാനത്തിന് ആഹ്വാനം ചെയ്തു. നടന്നത് ദുഃഖകരമായ സംഭവമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും സമാധാനവും സാമുദായിക സൗഹാർദവും നിലനിർത്താൻ അഭ്യർഥിക്കുന്നതായും രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ട്വീറ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയെന്നും ഗവർണർ പറഞ്ഞു.
സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊലപാതകം ഞെട്ടിക്കുന്നതാണെന്നും നടന്നത് ഹീനകൃത്യമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. മതത്തിൻറെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ല. ഇതിന്റെ പേരിൽ ഭീകരത പടർത്തുന്നവരെയും ശിക്ഷിക്കണം. എല്ലാവരും ഒന്നിച്ച് നിന്ന് ഇത്തരം വിദ്വേഷത്തെ പരാജയപ്പെടുത്തണം. സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.