ചെന്നൈ ∙ തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്. ‘തെരി’ എന്ന സിനിമയിൽ ദളപതി വിജയ്‌യുടെ മകളുടെ വേഷത്തിൽ നൈനിക അഭിനയിച്ചിരുന്നു.