പനാജി: ഗോവയില്‍ എം.എല്‍.എമാരെ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ വിലക്ക് വാങ്ങുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദാങ്കര്‍ രംഗത്തെത്തി. എം.എല്‍.എമാര്‍ക്ക് 40 കോടി രൂപ വീതമാണ് ബി.ജെ.പി ഓഫര്‍ നല്‍കിയിരിക്കുന്നത്.
ബി.ജെ.പിക്കു വേണ്ടി വ്യവസായികളും കല്‍ക്കരി മാഫിയകളുമാണ് എം.എല്‍.എമാരെ ബന്ധപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തനാവാഡെ പറഞ്ഞു.
വിമത എം.എല്‍.എമാര്‍ ഇന്ന് നിയമസഭ സ്പീക്കറെ കാണുമെന്നാണ് അഭ്യൂഹം. ആകെയുള്ള 11 പേരില്‍ എട്ട് പേരും ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതായാണ് സൂചനകള്‍. എട്ട് പേര് പാര്‍ട്ടി വിട്ടാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. ഗോവയില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിരീക്ഷകനായി മുകുള്‍ വാസ്നിക്കിനെ അയച്ചിട്ടുണ്ട്.
അതിനിടെ, നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയാല്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യമാണ് ഗോവയിലുണ്ടാവുക.
കൂറുമാറില്ലെന്ന് ഭരണഘടന തൊട്ട് സത്യംചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം പിന്നിടും മുമ്പേ പാര്‍ട്ടിയില്‍ വിമതനീക്കങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്.