ചെന്നൈ: വേര്‍പിരിഞ്ഞ ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസിക ക്രൂരതയാണെന്ന് മദ്രാസ് ഹൈകോടതി. കോടതി ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി അനുവദിച്ചു. ഈറോഡിലെ മെഡികല്‍ കോളജില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന സി ശിവകുമാറിന്റെ അപീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ വി എം വേലുമണി, എസ് സൗന്തര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
വിവാഹമോചനം അനുവദിക്കാന്‍ വിസമ്മതിച്ച 2016 ജൂണ്‍ 15ലെ പ്രാദേശിക കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുവതിയെ ചോദ്യം ചെയ്തപ്പോള്‍, വേര്‍പിരിയല്‍ സമയത്ത് അവര്‍ തന്റെ ‘താലിമാല’ ഊരിമാറ്റിയെന്ന് സമ്മതിച്ചു. താലി നിലനിര്‍ത്തിയെന്നും മാല അഴിച്ചുമാറ്റുക മാത്രമാണ് ചെയ്തതെന്നും അവര്‍ വിശദീകരിച്ചെങ്കിലും അത് നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ ഏഴ് ഉദ്ധരിച്ച് യുവതിയുടെ അഭിഭാഷകന്, താലി കെട്ടേണ്ട ആവശ്യമില്ലെന്നും അതിനാല്‍ ഭാര്യ അത് നീക്കം ചെയ്യുന്നത് ശരിയാണെന്ന് കരുതിയാല്‍ പോലും ദാമ്ബത്യ ബന്ധത്തെ ബാധിക്കില്ലെന്നും വാദിച്ചു. എന്നാല്‍, വിവാഹ ചടങ്ങുകളില്‍ താലി കെട്ടുന്നത് അനിവാര്യമായ ഒരു ചടങ്ങാണെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
‘രേഖയില്‍ യുവതി താലി ഊരിമാറ്റിയതായി കാണുകയും ഒരു ബാങ്ക് ലോകറില്‍ താലി സൂക്ഷിച്ചുവെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹിതയായ ഒരു ഹിന്ദു സ്ത്രീയും തന്റെ ഭര്‍ത്താവിന്റെ ജീവിതകാലത്ത് ഏത് സമയത്തും താലി അഴിക്കില്ല എന്നത് അറിയപ്പെടുന്ന വസ്തുതയാണ്.
ഒരു സ്ത്രീയുടെ കഴുത്തിലെ താലി വിവാഹ ജീവിതത്തിന്റെ തുടര്‍ചയെ പ്രതീകപ്പെടുത്തുന്ന ഒരു പുണ്യ വസ്തുവാണ്, അത് ഭര്‍ത്താവിന്റെ മരണശേഷം മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളൂ. അതിനാല്‍, ഭാര്യ ഇത് നീക്കം ചെയ്തത് മാനസിക ക്രൂരതയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തിയാണെന്ന് പറയാനാകും, കാരണം ഇത് വേദനാജനകവും പ്രതിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്’, മുന്‍ ഡിവിഷന് ബെഞ്ച് ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
‘ദാമ്ബത്യബന്ധം അവസാനിപ്പിക്കാന്‍ താലി മാല ഒറ്റയടിക്ക് നീക്കിയാല്‍ മതിയെന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ഭാര്യയുടെ ഈ പ്രവൃത്തി അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഒരു നിഗമനത്തിലെത്തുന്നതിനുള്ള ഒരു തെളിവാണ്. ‘, ബെഞ്ച് പറഞ്ഞു.
കൂടാതെ, സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തിലും പൊലീസിന് മുമ്ബാകെയും ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹേതര ബന്ധത്തിന്റെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും വിധികളുടെ പശ്ചാത്തലത്തില്‍, ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയും വിവാഹേതര ബന്ധത്തിന്റെ പേരില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചും ഭാര്യ അദ്ദേഹത്തെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചുവെന്ന് പറയാന്‍ മടിയില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു. തുടര്‍ന്ന് കീഴ്കോടതി ഉത്തരവ് റദ്ദാക്കുകയും ഹര്ജിക്കാരന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.