ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനസംഘടന പൂര്‍ത്തിയാകുമ്പോള്‍ വകുപ്പുകളിലും കാര്യമായ അഴിച്ചുപണി. ക്യാബിനറ്റ് റാങ്ക് ലഭിച്ച മന്‍സൂഖ് മാണ്ഡ്യവ്യയെ ആരോഗ്യ മന്ത്രിയായി നിയമിച്ചു. പുനസംഘടനയില്‍ ഏറ്റവും സുപ്രധാനമായ വകുപ്പായിരുന്നു ആരോഗ്യം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏറെ പഴികേള്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഹര്‍ഷ വര്‍ധനും സഹമന്ത്രി അശ്വിനി കുമാറും രാജിവെച്ചത്. കെമിക്കല്‍ രാസവള വകുപ്പിന്റെ ചുമതലയും മന്‍സൂഖ് മാണ്ഡാവ്യയ്ക്കാണ്.
അതേസമയം ശാസ്ത്ര സാങ്കേതിക വകുപ്പ് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ വരും. പുതിയ സഹകരണ വകുപ്പിന്റെ ചുമതല മന്ത്രിസഭയിലെ രണ്ടാമനായ അമിത് ഷായ്ക്കാണ്. നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, നരേന്ദ്ര സിങ് ഠോമര്‍ തുടങ്ങി മന്ച്രിസഭയിലെ മറ്റ് പ്രമുഖരുടെ വകുപ്പുകളിലൊന്നും മാറ്റമില്ല.
ജ്യോതിരാദിത്യ സിന്ധ്യയെ വ്യോമയാന വകുപ്പ് മന്ത്രിയായി നിയമിച്ചു. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഹര്‍ദീപ് സിങ് പൂരിക്ക് ക്യാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ നഗരവികസനത്തിനൊപ്പം പെട്രോളിയം വകുപ്പിന്റെ ചുമതലയും ലഭിച്ചു.
അശ്വനി വൈഷ്ണവാണ് റെയില്‍വേ, ഐടി മന്ത്രി. ധനകാര്യ വകുപ്പില്‍ സഹമന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂറിന് ക്യാബിനറ്റ് പദവിക്കൊപ്പം വാര്‍ത്ത പ്രക്ഷേപണ വകുപ്പും സ്‌പോര്‍ട്‌സ്, യുവജാനകാര്യത്തിന്റെ ചുമതലയും ലഭിച്ചു.
ഗിരിരാജ് സിങ്ങിന് ഗ്രാമവികസനവും പശുപതി കുമാര്‍ പാരസിന് ഭക്ഷ്യസംസ്‌കാരണത്തിന്റെയും ചുമതല ലഭിച്ചപ്പോള്‍ ഭൂപേന്ദ്ര യാദവാണ് പുതിയ തൊഴില്‍, പരിസ്ഥിതി മന്ത്രി. മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഷിപ്പിങ്, ആയുഷ് വകുപ്പുകള്‍ കൈകാര്യം ചെയ്യും.
പിയൂഷ് ഗോയലിനെ വാണിജ്യം, വ്യവസായം, ഭക്ഷപൊതുവിതരണം, ടെക്‌സ്‌റ്റെയില്‍സ് മന്ത്രിയായി നിയമിച്ചു. നാരായണ്‍ റാണെയ്ക്ക് ചെറുകിട വ്യവസായത്തിന്റെ ചുമതലയും നല്‍കി.
ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രിയാകും. പുരുഷോത്തം രൂപാലയ്ക്ക് ഫീഷറീസും ലഭിക്കും. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. ജോണ്‍ ബര്‍ളയാണ് ന്യൂനപക്ഷകാര്യ മന്ത്രി.