കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തി. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
തുടരന്വേഷണത്തില്‍ 102 പുതിയ സാക്ഷികളേക്കൂടി അന്വേഷണ സംഘം ചേര്‍ത്തു. ദിലീപിന്റെ സുഹൃത്ത് ശരത് (വിഐപി ശരത്) ആണ് ഏക പ്രതി. ശരത് കേസില്‍ പതിനഞ്ചാം പ്രതിയാകും. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയാകും. സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടില്‍ ജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരും സാക്ഷികളാകും.
അതേസമയം, കേസില്‍ ഡല്‍ഹിയില്‍ നീക്കങ്ങളുമായി അതിജീവിത. സുപ്രീംകോടതിയിലൊ ഡല്‍ഹി ഹൈക്കോടതിയിലോ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സൂചന. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ നടിക്ക് വേണ്ടി ഹാജരാകും. തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഹര്‍ജിയെന്ന് സൂചന.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക. തുടരന്വോഷണ റിപോര്‍ട്ട് വിചാരണ കോടതിക്കും കൈമാറും.
അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്ത് പതിനൊന്നാം പ്രതിയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത്ത് വഴി 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കല്‍ എത്തി. ദൃശ്യങ്ങള്‍ നശിപ്പിക്കാനും മനപൂര്‍വം മറച്ചുപിടിക്കാനും ശരത്ത് ശ്രമിച്ചു.
ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കാവ്യ മാധാവന്‍, മഞ്ജു വാര്യര്‍, സിദ്ദീഖ്, ദിലീപിന്റെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് തുടങ്ങി തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ നിര്‍ത്തി വെച്ചിരിക്കുന്ന വിചാരണ ഉടന്‍ പുനരാരംഭിക്കാനുമാണ് സാധ്യത.