കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് നടന് ദിലീപ്. വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മലയാള സിനിമയിലെ തന്നെ ഒരു വിഭാഗമാണ് തന്നെ കുടുക്കിയതെന്നാണ് ആരോപിക്കുന്നത്. അതിജീവിതയ്ക്കും തന്റെ മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്.
കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്. അതിജീവിതയ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി ബന്ധമുണ്ടെന്നും ദിലീപ് പറയുന്നു. ഇത്ര രൂക്ഷമായി അതിജീവിതയ്ക്കെതിരെ ആരോപണങ്ങള്‍ ദിലീപ് ആദ്യമായിട്ടാണ് ഉന്നയിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിന് ഉപയോഗിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
കടുത്ത പരാമര്‍ശങ്ങളാണ് മുന്‍ ഭാര്യക്കും അതിജീവിതയ്ക്കെതിരെ ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് തടസ്സമുണ്ടാക്കുകയാണ്. ഇതിനായി വിചാരണ കോടതിയിലെ ജഡ്ജിയെ പോലും തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതിയിലുള്ള ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ച് മേല്‍ക്കോടതിയിലേക്ക് പോകുന്നത് വരെ ഈ വിചാരണ നീട്ടി കൊണ്ടുപോകാനാണ് അതിജീവിതയും സംഘവും ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ദിലീപ് ഉന്നയിച്ചത്.
കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ദിലീപ്. മലയാള സിനിമാ മേഖലയിലെ ചെറുതായ, പക്ഷേ ശക്തരായ ഒരു വിഭാഗമാണ് ഈ കേസില്‍ തന്നെ കുടുക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തന്നോട് വ്യക്തിപരമായും തൊഴില്‍പരവുമായ ശത്രുതയുണ്ട്. തന്റെ മുന്‍ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും, ഈ കേസില്‍ തന്നെ കുടുക്കുന്നതിന് ഉത്തരവാദിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.