തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്ര വ്യാപനശേഷിയില്ല എന്ന് പരിശോധനാ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂര്‍ത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമാണ് എന്നാണ് ജിനോം സീക്വന്‍സ് പഠനം പറയുന്നത്.
എ. 2 വൈറസ് വകഭേദത്തിന് പൊതുവെ വ്യാപനശേഷി കുറവാണ്. രാജ്യത്ത് ഇതുവരെ നാല് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ മൂന്നെണ്ണവും കേരളത്തിലാണ്. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് രോഗബാധ സ്ഥിരീകിരിച്ചിട്ടുള്ളത്. ഇവര്‍ മൂന്ന് പേരും വിദേശയാത്രാ പശ്ചാത്തലമുള്ളവരാണ്. ഗള്‍ഫില്‍ നിന്നെത്തിയ ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അതേസമയം ഡല്‍ഹിയിലാണ് രാജ്യത്തെ നാലാമത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. അതിനിടെ മലപ്പുറം സ്വദേശിയായ യുവാവിനെ മങ്കിപോക്സ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. വെള്ളിയാഴ്ച ചര്‍മരോഗ വിഭാഗത്തിന്റെ ഒ പിയില്‍ ചികിത്സ തേടി. പിന്നാലെ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ സ്രവ, രക്ത സാംപിളുകള്‍ ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇയാള്‍ക്കൊപ്പം എത്തിയ ആളെയും നിരീക്ഷിച്ച് വരുന്നുണ്ട് എന്നും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ് എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നേരത്തെ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയത് യു എ ഇയില്‍ നിന്നായിരുന്നു.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗമാണ് മങ്കിപോക്സ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം വഴിയാണ് രോഗം മനുഷ്യരിലെത്തുന്നത്. പനി, തലവേദന, ശരീര വേദന എന്നിവയൊക്കെയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.